ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു ഹോട്ടല്‍; അതിഥികളെ സഹായിക്കാന്‍ വനിതാ ജീവനക്കാര്‍ മാത്രം

0

ജോലി സംബന്ധമായും അല്ലാതെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് എവിടെ സുരക്ഷിതമായി താമസിക്കും എന്നത് .പീഡനങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഒരു രാത്രി തങ്ങേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സ്ത്രീകള്‍ക്ക് സുരക്ഷകാരണങ്ങള്‍ കൊണ്ട് ടെന്‍ഷന്‍ അധികം ആകും .

എന്നാല്‍  ഒരു പ്രമുഖ ഹോട്ടലില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പാക്കേജ് ഉണ്ടെന്ന് അറിയാമോ? അതിഥികളായി എത്തുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സജ്ജീകരിച്ച എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറികള്‍. പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍, ചെക്ക് ഇന്‍, ഹൗസ് കീപ്പിങ്ങ് വിഭാഗങ്ങളിലും വനിതകള്‍ മാത്രം. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കോറിഡോറുകളിലും ഗോവണികളിലും മറ്റു പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുളള ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകള്‍. സ്ത്രീ യാത്രികരുടെ സുരക്ഷ മുന്നില്‍ കണ്ട് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടല്‍ തയ്യാറാക്കിയ ‘കമല്‍പാലസ് ‘ എന്ന പാക്കേജിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഹോട്ടലിലെ ഒരു നിലയാണ് സ്ത്രീകള്‍ക്ക് പ്രത്യേകമായി നല്‍കിയിരിക്കുന്നത് .ഇന്ത്യയെ കൂടുതലറിയാനും ആസ്വദിക്കാനും എത്തുന്ന വിദേശവനിത വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ലീലാ പാലസ് മാനേജ്‌മെന്റ് ഇത്തരമൊരു പുതിയ ആശയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യ കാണാനും അറിയാനും വന്ന പലരും ഇന്ത്യക്കാരുടെ മോശം സ്വഭാവങ്ങളും അനുഭവിച്ചറിഞ്ഞതോടെ ഇന്ത്യയിലേക്കുളള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. അത്യാഢംബരങ്ങള്‍ക്ക് പേരുകേട്ട ലീല പാലസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുളള കിടപ്പുമുറികള്‍ മുതല്‍ ആഢംബര രീതിയില്‍ ഒരുക്കിയ ഡീലക്‌സ് മഹാരാജാ സ്യൂട്ടുകള്‍ വരെ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു.

വിശ്വസ്തരായ ഡ്രൈവര്‍മാരെ മുതല്‍ സ്ത്രീ ഗൈഡുകളെ വരെ ഇവര്‍ ഏര്‍പ്പാടുചെയ്യും. ലോകം ചുറ്റിക്കറങ്ങാന്‍ ഒറ്റക്കിറങ്ങുന്ന വനിതാസഞ്ചാരികള്‍ തങ്ങള്‍ക്കിണങ്ങുന്ന അന്തരീക്ഷത്തില്‍ തികഞ്ഞ സുരക്ഷയോടെ താമസിക്കാന്‍ കഴിയുന്ന ഇടങ്ങളാണ് അന്വേഷിക്കുക. അത്തരമൊരു അന്തരീക്ഷം കിട്ടുന്നിടത്തേക്കു തന്നെ അവര്‍ വീണ്ടും വീണ്ടും എത്തുകയും ചെയ്യും. അതുകൊണ്ട് സ്ത്രീ സുരക്ഷക്കു വേണ്ടിയുള്ള ഈ പാക്കേജ് വന്‍ വിജയം ആയതും .