സുശാന്തിനെ മാനസികരോ​ഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിലർ ചിത്രീകരിച്ചു; വിവാദ പ്രസ്താവനയുമായി കങ്കണ

0

നടൻ സുശാന്ത് സിം​ഗ് രജ്പുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ റണാവത്ത്. 2019–ൽ സുശാന്തിന്റെ 5 സിനിമകളാണ് മുടങ്ങിപ്പോയതെന്നും മരണത്തെക്കുറിച്ച് ചിലർ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ പങ്കു വച്ച വിഡിയോയിൽ പറഞ്ഞു. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവർത്തകരെ വിലയ്ക്കെടുത്ത് ബോളിവുഡിലെ പ്രമുഖർ സുശാന്തിനെ മാനസികരോ​ഗിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിച്ചുവെന്ന് കങ്കണ ആരോപിച്ചു.

‘മികച്ച സിനിമകൾ ചെയ്തയാളായിട്ടും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. പഠനത്തിലും മിടുക്കനായിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ചില തെറ്റിധാരണകൾ പരത്തുകയാണ്. സിനിമയിൽ തനിക്ക്ഗോഡ്‌ഫാദറില്ലെന്നും താൻ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകൾ കാണാൻ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിക്ചോരെ പോലുള്ള മികച്ച സിനിമകൾ ഉണ്ടായിട്ടും അതിനൊന്നും ഒരു പുരസ്കാരവും എവിടെയും ലഭിച്ചില്ല.’ കങ്കണ പറഞ്ഞു. ഇവിടുത്തെ ചില താരങ്ങളുടെ മക്കളുടെ പോലെ പിൻവാതിലിലൂടെയല്ല സുശാന്ത് സിനിമയിലെത്തിയത്- കങ്കണ പറഞ്ഞു.

സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുവെങ്കിൽ മാധ്യമങ്ങൾ കുറച്ച് അനുതാപത്തോടെ പെരുമാറണം. സുശാന്തിനെ മാനസികരോ​ഗിയും മയക്കുമരുന്നിന് അടിമയുമാമാക്കി ചിത്രീകരിക്കുകയാണ് ചിലർ. സഞ്ജയ് ദത്ത് മയക്കുമരുന്നു ഉപയോ​ഗിച്ചു എന്ന് കേൾക്കുമ്പോൾ ‘ക്യൂട്ടായി’ തോന്നുന്നവർ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്. അവർക്ക് മാപ്പില്ല. പഠനകാലത്ത് മെഡൽ നേടി വിജയിയായ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് എങ്ങനെ ദുർബല ഹ‍ൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടുമാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.