കണ്ണൂർ സർവ്വകലാശാല – സിലബസ്സിൻ്റെ രാഷ്ട്രീയം

0

കണ്ണൂർ സർവകലാശാല ബ്രണ്ണൻ കോളജിൽ ആരംഭിച്ച ബിരുദാനന്തര ബിരുദ കോഴ്സിൻ്റെ സിലബസ്സിൽ ഗോൾവാൾക്കർ, വി.ഡി.സവർക്കർ, ദീനദയാൽ ഉപാദ്ധ്യായ എന്നിവരുടെ പുസ്തകങ്ങളും ആശയ സംഹിതയും ഉൾപ്പെടുത്തിയ തീരുമാനമാണ് പുതിയ വിവാദം. ഈ വിവാദത്തിന് രണ്ട് വശങ്ങളുണ്ട്. ആദ്യമായി എത് പഠനശാഖ യും പുസ്തകങ്ങളുമാണ് ഉൾപ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അക്കാദമിക് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും അതിനായി രൂപീകരിക്കപ്പെടുന്ന പഠന സമിതിയുമായിരിക്കണം. സിലബസ് പിൻവാതിലിൽ കൂടി കടന്നു വരേണ്ട ഒന്നല്ല. അത് സുതാര്യമായിരിക്കണം, പൊതു സ്വീകാര്യതയുളളതുമായിരിക്കണം. കണ്ണൂരിലെ പുതിയ തീരുമാനത്തിൽ ഇത് രണ്ടും അവഗണിക്കപ്പെട്ടു.

രാഷ്ട്രമീമാംസ പഠിക്കുന്ന വിദ്യാർത്ഥികൾ വിവിധ ആശയസംഹിതകളെ പരിചയപ്പെടുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായുള്ള പുസ്തകങ്ങൾ അവർ തീർച്ചയായും വായിക്കേണ്ടതുണ്ട്. ഭരിക്കുന്ന കക്ഷിയുടേയോ വ്യക്തികളുടേയോ താല്പര്യമല്ല ഇവിടെ പരിഗണിക്കപ്പെടേണ്ടത്. വിദ്യാഭ്യാസം ആശയപ്രചാരണത്തിനുള്ള ഉപാധിയല്ല’ നമ്മുടെ ചരിത്രത്തെയും ദേശീയതയേയും നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. ഗുരുദേവനും സ്വാമി വിവേകാനന്ദനും മഹാത്മജിയും നെഹ്റുവും നേതാജിയും തമസ്കരിക്കപ്പെട്ട് പുതിയ നായകൻമാരെ പ്രതിഷ്ഠിക്കാനുള്ള പരിശ്രമമായി ചരിത്ര പഠനം മാറിത്തീരാൻ പാടില്ല. ചരിത്ര നിഷേധമായി ചരിത്ര പഠനത്തെ പരിണമിപ്പിക്കാനുള്ള ശ്രമം തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെയാണ്.

ചരിത്ര പഠനം കുടുംബപുരാണമല്ല.കക്ഷി രാഷ്ടീയക്കാരുടെ വാഴ്ത്തു പാട്ടുകളുമല്ല. സ്വീകാര്യമായ കെട്ടുകഥകളല്ല ചരിത്രം. സർവ്വകലാശാലയുടെ സിലബസ് തീരുമാനിക്കേണ്ടത് താലിബാൻ ശൈലിയിലല്ല. കണ്ണൂർ സർവ്വകലാശാലയ്ക്കും ഇത് ബാധകമാണ്. കണ്ണൂർ ഇന്ത്യയുടെ ഭാഗം തന്നെയാണ്. എല്ലാ ആശയസംഹിതകളും വിലയിരുത്തലിന് വിധേയമാകേണ്ടതാണ്. വിദ്യാർത്ഥികളും അക്കാദമിക് വിദഗ്ദ്ധരും രാഷ്ട്രീയ കക്ഷികളും സർവ്വകലാശാലാ അധികൃതരും മനസ്സിലാക്കേണ്ടതും പിൻതുടരേണ്ടതും ഈ പരമാർത്ഥം തന്നെയാണ്. വിവാദമല്ല വിദ്യയാണ് പ്രധാനം.