കണ്ടൻറ് ക്രിയേറ്റർമാരായ കരിക്ക് നെറ്റ്ഫ്ളിക്സിൽ അരങ്ങേറ്റം കുറിക്കുന്നു. റിപ്പർ എന്ന പേരിലുള്ള സ്കെച്ച് വീഡിയോയിലൂടെയാണ് കരിക്ക് നെറ്റ്ഫ്ലിക്സിലേക്ക് എത്തുന്നത്. വീഡിയോയുടെ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്കാണ്​ വിഡിയോ റിലീസ്​ ചെയ്യുക.

അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, ശബരീഷ് സജിൻ, കിരൺ വിയ്യത്ത് എന്നിവരടങ്ങിയ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള കോമഡി വീഡിയോയാകും ഇതെന്നാണ് സൂചന.

നെറ്റ്ഫ്ലിക്സിനെ കൂടാതെ, യൂട്യൂബ്, ഐജി ടിവി, ഫേസ്ബുക്ക് എന്നിവിടങ്ങളിലും ത്രില്ലർ കോമഡി റിപ്പർ റിലീസ് ചെയ്യും. പേര് സൂചിപ്പിക്കുന്ന പോലെ എല്ലാ എപ്പിസോഡുകളിലും പുതുമ കൊണ്ടുവരുന്ന കരിക്ക് ഓരോ സീരീസുകളിലൂടെയും പ്രേക്ഷകരുടെ എണ്ണവും വർധിപ്പിക്കുകയാണ്.

തേരാ പാരയിൽ തുടങ്ങി വ്യത്യസ്തമായ സീരീസുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ആധിപത്യം നേടിയ കണ്ടന്‍റ് ക്രിയേറ്റർമാരാണ് കരിക്ക്. കരിക്കിന്‍റെ ഓരോ എപ്പിസോഡുകളുടെയും റിലീസ് ആഘോഷമാക്കുന്ന ആരാധകർക്ക് നെറ്റ്ഫ്ലിക്‌സിലേക്കുള്ള ടീമിന്‍റെ ചുവടു‌വയ്പ്പും വലിയ പ്രതീക്ഷ നൽകുന്നു. നിലവിൽ ഇവരുടെ യൂട്യൂബ് ചാനലിന് 6.71 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്.