കുറച്ചെങ്കിലും മനസാക്ഷി ബാക്കിയുണ്ടോ ?; കത്വ പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റില്‍ ട്രെന്‍ഡിംഗ്

0

മരിച്ചിട്ടും അവളെ അപമാനിച്ചു മതിയായില്ല. എട്ടു വയസ്സ് മാത്രമുള്ളൊരു പെണ്‍കുഞ്ഞിനെ കടിച്ചു കീറികൊന്നിട്ടും, അവളുടെ മൃതദേഹം അടക്കാന്‍ ആറടി മണ്ണ് നല്‍കാതെ അവളുടെ കുടുംബത്തെ ആട്ടിയോടിച്ചിട്ടും മതിയായില്ലെന്ന് തോന്നുന്നു. കത്വവയില്‍ ക്രൂരമായ കൊല്ലപെട്ട പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍.

ഇതിലും വലുതായി തലകുനിക്കാന്‍ എന്താണ് ഇനി ബാക്കിയുള്ളത്. അവളുടെ കുഞ്ഞുശരീരം മണ്ണോടു ചേരും മുന്‍പാണ് മരണത്തിനു ശേഷം പോലും ആ കുഞ്ഞിനെ അപമാനിക്കാന്‍ ചിലര്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത് എന്നോര്‍ക്കണം.പ്രമുഖ പോണ്‍ വെബ്‌സൈറ്റായ എക്‌സ് വീഡിയോസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് കത്വ പെണ്‍കുട്ടിയുടെ പേര് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീഡിയോക്കായി ചിലര്‍ സേര്‍ച്ച് ചെയ്തതാണ് പേര് ട്രെന്‍ഡിംഗ് ആകാന്‍ കാരണം. ഇന്നലെ രാത്രി ഒന്നാം സ്ഥാനത്തായിരുന്ന പേര് ഇന്ന് രാവിലെ രണ്ടാം സ്ഥാനത്തേക്ക് വന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഒന്നാമതായി. എക്‌സ് വീഡിയോസില്‍ ബലാത്സംഗ വീഡിയോകള്‍ ലഭ്യമാണ്. ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. ഇതാണ് കത്വവ പെണ്‍കുട്ടിയുടെ പേര് സേര്‍ച്ച് ചെയ്യപ്പെടാന്‍ കാരണം.

എത്രത്തോളം മനുഷ്യന്റെ മനസാക്ഷി മരവിച്ചു പോയെന്നതിന്റെ ഉത്തമഉദാഹരണമാണ് ഈ സംഭവം. കത്വവ പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമെമ്പാടും രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഓരോരുത്തര്‍ തങ്ങളുടെ മനോവൈകൃതം തീര്‍ക്കാന്‍ അവളെ തിരയുന്നത്.