നടിയെ ആക്രമിച്ച കേസ് : കാവ്യ മാധവന് ഇന്ന് പുതിയ നോട്ടിസ് നൽകിയേക്കും

0

നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിൻ്റെ ഭാഗമായി മൊഴിയെടുക്കാൻ നടി കാവ്യ മാധവന് ഇന്ന് പുതിയ നോട്ടിസ് നൽകിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ചുള്ള 3 പേരുടെ മൊഴിയും ഉടൻ രേഖപ്പെടുത്താൻ തീരുമാനം.സായ് ശങ്കറിൻ്റെ ഐ മാക്കിൻ്റെ ശാസ്ത്രീയ പരിശോധന ഫലം വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കത്ത് നൽകി.

നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണ ഭാഗമായിയാണ് നടി കാവ്യ മാധവൻ്റെ രേഖപ്പെടുത്താനുള്ള നിർണ്ണായ തീരുമാനം ക്രൈം ബ്രാഞ്ച് എടുത്തത്. ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നൽകാനാണ് തീരുമാനം. ഇന്നു തന്നെ കാവ്യയ്ക്ക് നോട്ടീസ് നൽകിയേക്കും. കാവ്യയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

കാവ്യയുടെയും ദിലീപിൻ്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. അവസാന ഘട്ടത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസിൽ മഞ്ജു വാര്യരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

അതേസമയം സൈബർ വിദഗ്ദൻ സായി ശങ്കറിൻ്റെ ഐ മാക്കിൻ്റെ ശാസ്ത്രീയ പരിശോധന ഫലം വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിനെ സമീപിച്ചു.ദിലീപിൻ്റെ ഫോണിൽ നിന്ന് നശിപ്പിച്ച രേഖകളുടെ വിവരങ്ങൾ ഐ മാക്കിൽ നിന്ന് മനസിലാക്കാൻ കഴിയുമോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.