കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

0

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിര്‍ദേശം. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.

ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം വധഗൂഢാലോചനാക്കേസില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയും നാളെ എടുത്തേക്കും. മറ്റന്നാള്‍ ആണ് സായ് ശങ്കറിനെ ചോദ്യം ചെയ്യുന്നത്.

നാളെ ആലുവ പൊലീസ് ക്ലബിലെത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് നടിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.