ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകന്‍ ബാബു ഇന്ന് ജീവിക്കാനായി കൈനീട്ടുന്നു; അറിയാതെ പോകരുത് ഈ ജീവിതം

0

റിയാലിറ്റി ഷോയുടെ പ്രഭയ്ക്കു അപ്പുറം അതില്‍ വരുന്ന ഗായകരുടെ ജീവിതത്തെ കുറിച്ചു അതിനു ശേഷം ആരും തിരക്കാറില്ല. ചിലര്‍ പ്രശസ്തര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ എവിടെ പോയെന്നു ആരും അറിയുന്നില്ല. അതിനുദാഹരണമാണ് സ്റ്റാര്‍ സിങ്ങര്‍ സീസണില്‍ ഏറ്റവും അറിയപ്പെട്ട ഗായകരില്‍ ഒരാളായിരുന്ന കായംകുളം ബാബുവിന്റെ ജീവിതം.

ചാനൽ സംഗീത മത്സരത്തിൽ തിളങ്ങിയ കായംകുളം ബാബു (45)വിന്റെ ഉപജീവനത്തിന് വേണ്ടിയുള്ള പോരാട്ടം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്.  ക്ഷേത്ര പരിസരങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ് ബാബുഇന്ന്. വീട്ടിൽ ഭാര്യ സിന്ധുവിനും മക്കൾ സായ് ലക്ഷ്മിക്കും സായ് പ്രിയയ്ക്കും കഴിഞ്ഞുകൂടാൻ ബാബു ഇങ്ങനെ പാടാൻ പോയേ പറ്റൂ. ഉത്സവസീസൺ കാലത്ത് ബുദ്ധിമുട്ടില്ല. ഗാനമേള ട്രൂപ്പുകാർ ബാബുവിനെ കൊണ്ടുപോകും. അല്ലാത്തപ്പോൾ പാട്ടിനെ സ്നേഹിക്കുന്നവർ കനിയണമെന്ന് ബാബു പറയുന്നു.

ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പിന്നീട് കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് പാത്തനെന്ന ആൾ എടുത്ത് വളർത്തുകയായിരുന്നു. സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസിൽ സംഗീതം പഠിക്കാൻ അവസരമൊരുങ്ങി. കായംകുളം വിജയൻ മാഷിനൊപ്പം സംഗീത പഠനത്തിന് തുടക്കമിട്ടു. പിന്നീട് മാവേലിക്കര ഗോപിനാഥൻ, കരുനാഗപ്പള്ളി ഭാസ്കരപിള്ള എന്നിവർക്കൊപ്പം കൂടുതൽ പഠിച്ചു.

പൂർണമായും കാഴ്ചയില്ലാത്ത ബാബു 2010ൽ സ്റ്റാർ സിംഗർ പരിപാടിയിൽ എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടിന്റെ മെച്ചവും കാഴ്ചയുടെ വൈകല്യവും കൂടുതൽ എസ്.എം.എസ് ലഭിക്കുന്നതിന് സഹായകരമായി. ഇതിന് ശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളിൽ സജീവമായത്. ഇതിൽ നിന്നൊക്കെ ലഭിച്ച വരുമാനം കൊണ്ടാണ് കായംകുളം കെ.പി.എ.സിക്ക് സമീപം വസ്തുവാങ്ങി വീട്  വച്ചത്.

എന്നാല്‍ സ്റ്റാര്‍ സിംഗറിന്റെ താരപ്പൊലിമ കുറഞ്ഞതോടെ ബാബുവിന് ഗാനമേള മാത്രമായി ആശ്രയം. സീസണ്‍ കഴിഞ്ഞാല്‍ അതുമുണ്ടാകില്ല. കൈയില്‍ പ്ലാസ്റ്റിക് ഡപ്പിയും ചെറിയ പേരക്കമ്പും കൊണ്ടാണ് ബാബു പാടാനെത്തുന്നത്. ഇത് കൊട്ടി താളം പിടിച്ചാണ് പാട്ട്. പാട്ട് തീരുമ്പോഴേക്കും ചുറ്റും നില്‍ക്കുന്ന കാഴ്ചക്കാര്‍ എന്തെങ്കിലും ചില്ലറ തുട്ടുകള്‍ നല്‍കും. അവർ നൽകുന്ന ചില്ലറ തുട്ടുകളാണ് ഒരു കുടുംബത്തിന്റെ വിശപ്പകറ്റുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.