സംസ്ഥാന ബജറ്റ്:എല്ലാ ക്ഷേമ പെന്‍ഷനും 1300രൂപയാക്കി; 25 രൂപയ്ക്ക് ഊണ് നൽകുന്ന ആയിരം ഹോട്ടൽ

0

ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്. രണ്ടു മണിക്കൂർ 35 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്താൻ ധനമന്ത്രി ശ്രമിച്ചു.

ക്ഷേമ പെൻഷനുകൾ നൂറു രൂപ വർദ്ധിപ്പിച്ചും, 25 രൂപയ്ക്ക് ഊണു കിട്ടുന്ന 1000 കുടുംബശ്രീ ഹോട്ടലുകൾ പ്രഖ്യാപിച്ചും ജനക്ഷേമ ലൈൻ ഒരുവശത്ത്. കെട്ടിടനികുതിയും വാഹനനികുതിയും കൂട്ടിയും, ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിച്ചും ജനങ്ങൾക്കു മേൽ അധികഭാരം ചുമത്തുന്ന മറുവശം.

1000കോടിയുടെ പുതിയ ഗ്രാമീണ റോഡ്, തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിലിന് ഉടൻ സ്ഥലമേറ്റെടുക്കൽ, ബേക്കൽ- കോവളം ജലപാതയിൽ ഇക്കൊല്ലം തന്നെ സർവീസ്, 2.5 ലക്ഷം പേർക്ക് പുതിയ കുടിവെള്ള കണക്‌ഷൻ തുടങ്ങി വികസന പദ്ധതികളും പ്രഖ്യാപിച്ചു. പുതിയ വൻകിട പദ്ധതികൾ കാര്യമായില്ല. തിരഞ്ഞെടുപ്പു കാലത്തേക്ക് നീങ്ങുന്നതിനാൽ ക്ഷേമപദ്ധതികളിൽ കാര്യമായ ശ്രദ്ധയുണ്ട്.അധിക നികുതികൾക്കു പുറമേ ജി.എസ്.ടി പിരിവ് കാര്യക്ഷമമാക്കിയും വാറ്റ് കുടിശ്ശിക പിരിച്ചും ചെലവ് ചുരുക്കിയും വരുമാനം കണ്ടെത്താനാണ് ശ്രമം. അധികജീവനക്കാരെ പുനർവിന്യസിക്കാനും ക്ഷേമപെൻഷനുകളിൽ അനർഹരെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. 1,14,635.90 കോടി രൂപ വരവും ,29,837.37കോടി ചെലവും കണക്കാക്കുന്ന ബഡ്ജറ്റിൽ 15201.47കോടിയാണ് റവന്യു കമ്മി കണക്കാക്കുന്നത്. 1103 കോടിയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നു. 632.93 കോടിയുടെ അധികച്ചെലവ് വരുന്ന പ്രഖ്യാപനങ്ങളാണ് ബഡ്‌ജറ്റിൽ.

സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തിൽ

  • സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിൻറെ ഭാഗമായി 1500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും.
  • കിഫ്ബിയിലൂടെ സംസ്ഥാനത്തിൻറെ മുഖച്ഛായ മാറ്റും എന്നാണ് പ്രധാന പ്രഖ്യാപനം. 2020-21ൽ കിഫ്ബിയുടെ കീഴിലുള്ള വികസന പദ്ധതികൾക്കായി 2,0000 കോടി രൂപ ചെലവഴിയ്ക്കും.
  • ഭൂമിയുടെ ന്യായ വില പത്ത് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. വികസന പദ്ധതികൾക്ക് പരിസരത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനം ആണ് ഉയർത്തിയിരിക്കുന്നത്. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം നേടുകയാണ് ലക്ഷ്യം
  • ആഡംബര കെട്ടിട നികുതി, മോട്ടോർ വാഹന നികുതി എന്നിവ വർധിപ്പിച്ചിട്ടുണ്ട്. കെട്ടിട നികുതി കൂടും. 3000-5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 5000 രൂപയോളം നികുതി കൂടിയേക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനവുമാണ് നികുതി ഉയർത്തിയിരിക്കുന്നത്.
  • ജിഎസ്ടി സംവിധാനം വിപുലീകരിക്കും. ഇതിനായി പ്രത്യേക 12 ഇന കർമ പരിപാടി. നികുതി വെട്ടിപ്പ് തടയുന്നതിനും അതിർത്തി കടന്നുള്ള ചരക്കു നീക്കം നിരീക്ഷിയ്ക്കുന്നതിനും ഉൾപ്പെടെ സംവിധാനങ്ങൾ
  • കുടുംബശ്രീയെ അടുത്ത തലത്തിലേക്ക് ഉയർത്തും വനിതാക്ഷേമ പദ്ധതികൾക്കുള്ള വിഹിതം 18 ശതമാനം ഉയർത്തി.
  • കാർഷിക മേഖലയ്‌ക്ക് 2,000 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്. പച്ചക്കറി, പുഷ്‌പ കൃഷിക്ക് ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
  • ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.മെഡിക്കൽ കോർപ്പറേഷന് 50 കോടി രൂപ വക ഇരുത്തി. കാൻസർ മരുന്നുകൾക്ക് വില കുറയും, നേഴ്സിങ് പരിശീലനം വർധിപ്പിയ്ക്കും.
  • വിദ്യാഭ്യാസ മേഖലയ്‌ക്ക് 19,130 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത് . കോളേജുകളിൽ 1000 അധ്യാപക തസ്‌തികകൾ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി അനുവദിയ്ക്കും.
  • നഗരവികസത്തിന് 1945 കോടി അനുവദിക്കും. ഇതിൽ ഇടുക്കിക്ക് 1,000 കോടിയുടെ പാക്കേജ്. കാസർകോടിന് 90 കോടി രൂപയുടെ പാക്കേജ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത മേഖലയിൽ പരിസ്ഥിതി സൌഹാർദ്ദ പദ്ധതികൾക്ക് ഊന്നൽ. കൊച്ചി വാട്ടർ മെട്രോയ്ക്കായി കൂടുതൽ സൌരോർജ്ജ ബോട്ടുകൾ.
  • ഗ്രാമീണ റോഡ് വികസനത്തിന് 1000കോടി രൂപയും തീരദേശ വികസനത്തിന് 1,000 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
  • നിക്ഷേപമടക്കം വ്യവസായ മേഖലയ്ക്ക് 468 കോടി രൂപ അടങ്കൽ തുക. ഇതിൽ 109 കോടി രൂപ കെഎസ്ഐഡിസിയ്ക്കും 92 കോടി രൂപ കിൻഫ്രയ്ക്കും നൽകും.
  • ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപ വക ഇരുത്തി. ഇതിൽ 60 കോടി രൂപ ടൂറിസം മാർക്കറ്റിങ്ങിനായി ചെലവഴിയക്കും. മലബാർ മേഖലയിലെ ടൂറിസം വികസനത്തിനും ഊന്നൽ.
  • കായികരംഗത്തിന് 40 കോടി രൂപ നൽകും
  • പ്രവാസികളുടെ ക്ഷേമത്തിനായും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പ്രവാസി ക്ഷേമ നിധിക്ക് 90കോടി.