പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

0

ഇന്ന് അത്തം . ഇനിയുള്ള 10 ദിവസം മലയാളിയുടെ മനസിലും വീട്ടുമുറ്റത്തും പൂവിളിയുടെ ആരവമുയരും. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുനാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്.ആളുകൾ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങുന്നത് ഈ ദിവസം മുതലാണ്.

അത്തം പൂക്കളം ഇടാനായി മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു . പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു . ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ . എല്ലാ ദിനവും പുതിയ പൂക്കൾ മാത്രമേ പൂക്കളം ഉണ്ടാക്കാൻ ഉപയോഗിക്കാവൂ . പിന്നീട് ഓരോ ദിനവും കഴിയുമ്പോൾ പൂക്കളത്തിന്റെ വലിപ്പം കൂടി വരുന്നു .

ആദ്യ ദിനം തുമ്പപൂവിന്റെ ഒരു നിരയെ ഉണ്ടാവാൻ പാടുള്ളൂ . രണ്ടാമത്തെ ദിവസം രണ്ടു നിരയും രണ്ടു തരം പൂക്കളും ഉപയോഗിക്കാം . മൂന്നാം ദിനം മൂന്നു നിരയും മൂന്ന് തരം പൂക്കളും ഉപയോഗിക്കുന്നു . ചോതി നാളിൽ ഇടുന്ന പൂക്കളം മുതലേ ചുവന്ന പൂക്കളും ചെമ്പരത്തിയും ഉപയോഗിക്കൂ . ഉത്രാടത്തിന് പൂക്കളം പരമാവധി വലുപ്പത്തിൽ ഇടുകയും മൂലം നാളിൽ പൂക്കളം ചതുരാകൃതിയിലും ആയിരിക്കണം . ചിലയിടങ്ങളിൽ ഓരോ ദിനം ഓരോ നിറത്തിലുള്ള പൂക്കളിൽ തുടങ്ങി പത്താം നാൾ പത്തു നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സരാഘോഷത്തിനായി കാത്തിരിക്കുന്നത് പോലെയാണ് മലയാളികൾ ഓണാഘോഷത്തിന് വേണ്ടി തയ്യാറെടുക്കുന്നത്. ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറുന്നതും അത്തം ദിവസത്തിലാണ്. തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ പതാക ഉയരുന്നതോടെയാണ് വർണാഭമായ അത്തച്ചമയ ഘോഷയാത്രയ്‌ക്ക് തുടക്കമാകുന്നത് .

അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം.ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്.ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.

പണ്ട് കൊച്ചി രാജാവ് അത്തം നാളിൽ പ്രജകളെ കാണാൻ നടത്തിയിരുന്ന യാത്ര ജനകീയമാക്കിയതാണ് തൃപ്പൂണിത്തുറയിലെ ഇപ്പോഴത്തെ അത്തച്ചമയം.സ്വാതന്ത്യത്തിന് മുന്പേ തുടങ്ങിയതാണ് ഈ പതിവ്. അന്ന് അത്തം നാളിൽ കൊച്ചി രാജാവ് പ്രജകളെ കാണാൻ തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് നഗര പ്രദക്ഷിണം നടത്തും. വാദ്യഘോഷങ്ങളുടെയും ആനകളുടെയും കലാരൂപങ്ങളുടെയും അകന്പടിയോടെയുള്ള ഘോഷയാത്രയോടെ നാട്ടിൽ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. സ്വാന്തന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്‍റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ജനകീയ സമതിയുടെ നേതൃത്വത്തിൽ അത്തച്ചമയ ആഘോഷം പുനരാരംഭിച്ചു. 1985 മുതൽ സംഘാടനം തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു.

തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നല്‍ക്കുന്ന ഉത്സവത്തിന്‍റെ കൊടിയേറ്റവും ഇന്ന്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പരിപാടികൾ അരങ്ങേറും.തൃക്കാക്കര ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം ദശാവതാരച്ചാർത്തുണ്ട്. അത്തം മുതൽ തിരുവോണം വരെ പൂക്കളവും ഇടും. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങും ഉണ്ട്. മഹാബലിയായി വേഷമിടുന്ന ബാലൻ ഓലക്കുടയും ചൂടി മുന്നിൽ നീങ്ങും പിറകെ ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടാകും. കൊടിയേറ്റം മുതൽ ദിവസവും ദശാവതാരച്ചാർത്തും തിരുവോണ ദിവസം ചതുർവിധ വിഭവങ്ങളോടെ സദ്യയും പതിവുണ്ട്. തൃക്കാക്കരയിലെ തിരുവോണസദ്യയിൽ ആയിരങ്ങൾ പങ്കെടുക്കും. തൃപ്പുണിത്തുറയിലെ അത്തം നഗറിൽനിന്നും ഓണപ്പതാക ഇവിടെ കൊണ്ടുവരുന്നതും ഈ ദിവസമാണ്. ഉത്രാടദിവസം തൃക്കാക്കര പഞ്ചായത്ത് അധികൃതർ ഇതു സ്വീകരിച്ച് ക്ഷേത്രത്തിൽ പൂജിക്കും അതിനുശേഷം ഉത്രാടസദ്യയും ഉണ്ടാവും

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓണലഹരിയിലേക്ക് നാടും നഗരവും. വീടുകളിലെല്ലാം പൂക്കളമൊരുക്കിയും ഊഞ്ഞാല്‍ കെട്ടിയും ഓണത്തെ വരവേല്‍ക്കുകയാണ്.