ഓറഞ്ച് ലൈൻ എന്ന അപൂർവ്വയിനം ബ്രൗൺഷുഗറുമായി കൊച്ചിയിൽ അന്യ സംസ്ഥാനക്കാരൻ പിടിയിൽ

0

ഓറഞ്ച് ലൈൻ എന്ന അപൂർവ്വയിനം ബ്രൗൺഷുഗറുമായി കടന്നുകളയാൻ ശ്രമിച്ച അന്യ സംസ്ഥാനക്കാരനെ ആലുവ എക്‌സൈസ് ഷാഡോ സംഘം കൊച്ചിയിൽ നിന്നും പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. കേരള എക്സൈസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ റിസോർട്ടുകളിലേക്ക് എത്തിക്കുന്നതാണ് ഇത്തരം മുന്തിയ ഇനം മയക്കുമരുന്നുകൾ. ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് കൊച്ചിയിലേക്ക് മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത്. കൊൽക്കത്തയിലെ സിൽദാ എന്ന സ്ഥലത്തു നിന്നുമാണ് ലഹരി മാഫിയകൾ കരിം ഭായിക്ക് മയക്കുമരുന്നുകൾ കൈമാറിയിരുന്നത്.

വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിൽക്കുന്നതും അത്യന്തം അപകടകാരിയുമാണ് ഓറഞ്ച് ലൈൻ. രണ്ട് മില്ലിഗ്രാം ബ്രൗൺഷുഗറിന് 3000 രൂപ വരെയാണ് ഉപഭോക്താക്കൾക്കിടയിൽ ഓറഞ്ച് ലൈനിന്റെ വില. ഓറഞ്ച് ലൈനിന്റെ അമിത ഉപയോഗംമുലം രക്തസമ്മർദവും ഹൃദയാഘാതവും സംഭവിക്കാമെന്ന് വിദഗ്ദർ പറയുന്നു.

5 ഗ്രാം ഓറഞ്ച് ലൈൻ പോലും കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണ്. നഗരത്തിൽ ആഘോഷങ്ങളുടെ ഭാഗമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘമാണ് ലഹരി മാഫിയകളുടെ കണ്ണിയെന്ന് എക്‌സൈസ് ഷാഡോ സംഘം പറഞ്ഞു.