കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് ആംബുലൻസ് സജ്ജീകരിച്ച് പത്തനംതിട്ട

0

പത്തനംതിട്ട: കേരളത്തിൽ ആദ്യമായി കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലൻസ് സജ്ജീകരിച്ച് പത്തനംതിട്ട ജില്ല. കോവിഡ് പരിശോധനകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ലയിലെ എൻഎംആർ ഫൗണ്ടേഷനാണ് റാപ്പിഡ് ടെസ്റ്റ് ആംബുലൻസ് സജ്ജീകരിച്ചത്. തിരുവല്ല സബ് കലക്ടർ വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാരാണ് വാഹനം രൂപകൽപ്പന ചെയ്‌തത്.

ക്വാറന്റീൻ കേന്ദ്രങ്ങളിലും, കോവിഡ് ക്ലസ്റ്റർ മേഖലകളിലുമെത്തി സ്രവ പരിശോധന നടത്താൻ ഇതിലൂടെ സാധ്യമാകും. ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും പോകുമ്പോഴുണ്ടാകുന്ന രോഗ വ്യാപനം തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

റാപ്പിഡ് ടെസ്റ്റ് ആബുലൻസിലൂടെ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റാപ്പിഡ് ആംബുലൻസുകളുടെ പ്രധാന സവിശേഷത ആരോഗ്യപ്രവർത്തകർക്ക് രോഗികളുമായി സമ്പർക്കം പുലർത്തേണ്ട സാഹചര്യം ഇല്ലാതാക്കുന്നു, ചുരുങ്ങിയ സമയപരിധിയിൽ നിന്നുതന്നെ കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കുന്നു. ഏത് സാഹചര്യത്തിലും എവിടെയും എത്തിച്ചേരാനാകുമെന്നതും റാപ്പിഡ് ടെസ്റ്റ് ആംബുലൻസിന്റെ പ്രത്യേകതയാണ്.