എഴുന്നൂറ് വർഷം പുറകിൽ…

0

കേരളത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

പണ്ടൊന്നു പറഞ്ഞ വിഷയമാണെന്ന് തോന്നുന്നു. എന്നാലും പുതിയ സർക്കാർ വന്നതിനാലും പുതിയ പതിനായിരം വായനക്കാർ ഉള്ളതിനാലും ഒരിക്കൽ കൂടി ആവർത്തിക്കാം.
ജർമ്മനിയുടെ വടക്കൻ ഭാഗത്തെ ഗോസ്ളാർ എന്ന നഗരത്തിൽ റമ്മൽസ്ബർഗ് എന്ന ഒരു ഖനിയുണ്ട്. ആയിരത്തിലധികം വർഷം മുൻപ് ഇവിടെ വേട്ടയാടാൻ വന്ന ഒരു പോരാളിയായിരുന്നു റാം. കുതിരയെ കുന്നിന്റെ മുകളിൽ കെട്ടിയിട്ട ശേഷം അദ്ദേഹം വേട്ടക്ക് പോയി. അക്ഷമനായ കുതിര കാലു കൊണ്ട് നിലത്തെ മണ്ണ് തട്ടിത്തെറിപ്പിച്ചപ്പോൾ മണ്ണിനടിയിൽ ഉണ്ടായിരുന്ന വെള്ളിയുടെ നിക്ഷേപം പുറത്ത് വന്നു. അങ്ങനെയാണ് ഈ മലക്കും അതിലുള്ള ഖനിക്കും ‘റമ്മൽസ്ബർഗ്’ എന്ന പേര് കിട്ടിയതത്രെ.
ഇതിലെ സത്യം എന്തായാലും കഴിഞ്ഞ ആയിരം വർഷമായി ഈ മലയിൽ ഖനനം നടക്കുന്നുണ്ട്. ലോകത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന ഏറ്റവും പഴയ ഖനി എന്ന ഖ്യാതിയും ഇതിനുണ്ട്. മുന്നൂറു വർഷം മുൻപ് വൈദ്യുതി കണ്ടുപിടിക്കുന്നതിനും മുൻപ് ഉണ്ടാക്കിയ ജലചക്രവും അത് പ്രവർത്തിപ്പിക്കാനുണ്ടാക്കിയ അണക്കെട്ടും എല്ലാം ഇപ്പോഴും അവിടെയുണ്ട്. എന്തിന്, ആദ്യകാലത്ത് ഇവിടെ നിന്നെടുത്ത അയിരിൽ നിന്നും വെള്ളിയും ചെന്പും വേർതിരിച്ച ശേഷം മാറ്റിയിട്ടിരുന്ന വേസ്റ്റിന്റെ ഒരു കൂന്പാരം ഇവിടെയുണ്ട് (ടൈലിങ് എന്ന് ശാസ്ത്രനാമം). പുതിയ സാങ്കേതിക വിദ്യയനുസരിച്ച് അതിൽ നിന്നും വീണ്ടും ലോഹങ്ങൾ വേർതിരിച്ചെടുക്കാം. അങ്ങനെ ആ ടൈലിങ് മലക്കു തന്നെ ഇപ്പോൾ ശതകോടികളുടെ വിലയുണ്ട്. യുനെസ്കോ (UNESCO) യുടെ ലോകപൈതൃക പട്ടികയിലും ഇതുണ്ട്.
മൂന്നു വർഷം മുൻപ് ഞാനിവിടെ എത്തുന്പോൾ 750 എന്നെഴുതിയ കൊടികളാണ് നഗരം മുഴുവൻ. ഖനിയുമായി ബന്ധപ്പെട്ട ആഘോഷമാണെന്ന് മനസ്സിലാക്കിയ ഞാൻ “ഏതാണീ 750, ഈ ഖനിക്ക് അത്രയും പഴക്കമുണ്ടോ ?” എന്ന് എന്റെ ആതിഥേയനായ കെയ് ഹോൾസ്മാനോട് ചോദിച്ചു. ഈ ഖനി അത്ര പഴയതാണെന്ന് എനിക്കറിയില്ലായിരുന്നു.
“മുരളി, ഖനിക്ക് അതിലും പഴക്കമുണ്ട്. ഇവിടുത്തെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ട് എഴുന്നൂറ്റി അൻപത് വർഷമായി. അതിന്റെ ആഘോഷമാണ്.”
“ആരോഗ്യ ഇൻഷുറൻസ്? 750 വർഷം?”
അമേരിക്കയിൽ പോലും ഒബാമ വന്നതിനു ശേഷമാണ് എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് എന്ന പദ്ധതി ഉണ്ടാക്കുന്നത്. കേരളത്തിൽ ഇപ്പോഴും എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ല. ഒരു മിഡിൽ ക്ലാസ്സ് കുടുംബം പട്ടിണിയിലാകാൻ ഒരപകടം അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം മതി എന്ന് ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു. അപ്പോൾ 750 വർഷം കഴിഞ്ഞിട്ടാണെങ്കിലും എല്ലാവർക്കും ബാധകമായ, എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരസുഖം ഒരു കുടുംബത്തെ പാപ്പരാക്കാതെ നോക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി നമുക്ക് നിർബന്ധമായും ഉണ്ടാക്കണം.
ഇന്ത്യയിൽ ഏതെങ്കിലും സ്ഥലത്ത് ഇതിന് സാധ്യതയുണ്ടെങ്കിൽ അത് നമ്മുടെ കേരളത്തിലാണ്. വളരെ നല്ലതും ഏറെ ചിലവ് കുറഞ്ഞതുമായ ഒരു സർക്കാർ ആരോഗ്യ സംവിധാനം ഇപ്പോഴേ നമുക്കുണ്ട്. അതിനെ അടിസ്ഥാനമാക്കിക്കൊണ്ട് ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നമുക്ക് ആസൂത്രണം ചെയ്യാം. കേരളത്തിൽ താമസിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തിയതും, അവർക്ക് ഏതു രോഗം വന്നാലും ചികിത്സ ലഭ്യമാകുന്നതുമായ ഒരു സംവിധാനമായിരിക്കണം അത്. സ്വിറ്റ്സർലാന്റിൽ ഒക്കെ എല്ലാവർക്കും ഇൻഷുറൻസ് പ്രീമിയം ആയി ഒരു തുക നിശ്ചയിക്കുകയും അത് പോലും കൊടുക്കാൻ നിവൃത്തിയില്ലാത്തവർക്ക് സർക്കാർ സബ്‌സിഡി കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതൊരു പ്രൈവറ്റ് ഇൻഷുറൻസ് ആകണമെന്നില്ല, സർക്കാരിന്റെ തന്നെ സംവിധാനമാകാം. അങ്ങനെ കിട്ടുന്ന തുക സർക്കാരിന് ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ആധുനികമാക്കാൻ ഉപയോഗിക്കുകയും ചെയ്യാം. വിശ്വസനീയമായ ആംബുലൻസ് സർവീസ്, പെട്ടെന്ന് രോഗികളെ കൊണ്ടുപോകാനുള്ള എയർ ആംബുലൻസ്, അപകട മരണം ഉണ്ടായാൽ ചുരുങ്ങിയത് പത്തു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കൊടുക്കാനുള്ള ഒരു സംവിധാനം, അപകടം മൂലം തൊഴിൽ ചെയ്യാൻ പറ്റാതായവർക്ക് വേണ്ട പെൻഷൻ പദ്ധതി ഇതെല്ലാം ഈ സംവിധാനത്തിന്റെ ഭാഗമാക്കാം. ഇതിൽ പലതും ഇപ്പോൾ തന്നെ സർക്കാർ ചില സാഹചര്യങ്ങളിൽ നടപ്പിലാക്കുന്നുണ്ട്. എന്നാൽ അതിപ്പോൾ ഏകീകൃതമായിട്ടല്ല ചെയ്യുന്നത്. മലയാളിയാണ് മരിച്ചതെങ്കിൽ അഞ്ചു ലക്ഷമോ അതിനു മുകളിലോ, മറുനാട്ടുകാർ മരിച്ചാൽ മൂന്നു ലക്ഷമോ അതിൽ താഴെയോ, എന്നിങ്ങനെ ജീവന് തന്നെ പല വിലയാണ് നിലവിലുള്ളത്. പോരാത്തതിന് അപകടശേഷം സർക്കാർ സഹായം കിട്ടാനായി പൊതുജന സന്പർക്ക വേദികളിൽ ആംബുലൻസുകളിൽ മന്ത്രിമാർക്കായി കാത്തുകിടക്കേണ്ട ഗതികേടായിരുന്നു രോഗിക്കും ബന്ധുവിനും. ഇതെല്ലാം ഒഴിവാക്കാവുന്നതാണ്.
മറ്റൊരു കാര്യം കൂടി ഇതുകൊണ്ട് ഒഴിവാക്കാം. ഇപ്പോൾ കേരളത്തിലെ ഒരു സ്ഥിരം വാർത്ത ഏതെങ്കിലും അവയവം മാറ്റിവെക്കാൻ വേണ്ടി ഇരുപതോ മുപ്പതോ ലക്ഷം രൂപയുണ്ടാക്കാൻ ഫേസ്ബുക്കുകാരും, കുടുംബങ്ങളും, നാട്ടുകാരും, ബസുകാരും ഒക്കെ ബക്കറ്റുപിരിവുമായി നെട്ടോട്ടം ഓടുന്നതാണ്. ഈ അവസ്ഥ കഷ്ടവും ഒഴിവാക്കേണ്ടതുമാണ്. ഇപ്പോൾ ലഭ്യമായ ചികിത്സകൾ അത് ഫലപ്രദമായേക്കാവുന്ന രോഗികളിൽ പണമില്ലാത്തത് കൊണ്ട് മാത്രം ചെയ്യാൻ പറ്റാതെ പോകുന്ന സ്ഥിതി ശരിയല്ല. ഇങ്ങനെയുള്ള കേസുകൾ നാട്ടുകാരുടെ സന്മനസ്സിന് വിടേണ്ടതല്ല. പകരം ‘സന്പത്ത് കാലത്ത് തൈ പത്തു നട്ടാൽ..’ എന്ന് പറഞ്ഞത് പോലെ എല്ലാവരും ഒത്തൊരുമിച്ച് ഒരു സംവിധാനമുണ്ടാക്കിയാൽ അതെല്ലാവർക്കും എല്ലാക്കാലത്തും ഗുണമാവും.
എഴുന്നൂറ്റന്പത് വർഷം വൈകിയത് കൂട്ടണ്ട, Better late than never എന്നാണല്ലോ.