“മുഖ്യമന്ത്രിയും ടീച്ചറും” മുരളി തുമ്മാരുകുടി

0
കടപ്പാട്: ഇന്ത്യാ ടുഡേ

കഴിഞ്ഞ മുപ്പത് വർഷമായി കേരളത്തിന് പുറത്തേക്ക് കുടിയേറി അവിടത്തെ സംസ്കാരമെല്ലാം വൻ ദുരന്തത്തിലേക്ക് ആക്കാൻ ശ്രമിക്കുകയും, പലപ്പോഴും സ്വന്തം സംസ്കാരത്തിന്റെ ദുരന്തങ്ങൾ തിരിച്ചറിയാൻ അവസരമുണ്ടാകുകയും അത് കൊണ്ട് മറ്റു സംസ്കാരങ്ങൾ സ്വീകരിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു പ്രവാസിയാണ് ഞാൻ. കേരളത്തിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിനെപ്പറ്റി, അതവർക്കും നമ്മൾക്കും ഉണ്ടാക്കുന്ന അവസരങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയുമൊക്കെ കഴിഞ്ഞ പത്തു വർഷമായിട്ടെങ്കിലും എഴുതുകയും അവസരം കിട്ടുന്പോഴൊക്കെ പ്രസംഗിക്കുകയും ചെയ്യുന്ന ഒരാളും കൂടിയാണ്.
അതുകൊണ്ടു തന്നെ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ടു ശബ്ദങ്ങൾ, മുഖ്യമന്ത്രിയും സുഗതകുമാരിടീച്ചറും, ഒരേ ദിവസം തന്നെ ഈ വിഷയത്തെപ്പറ്റി അഭിപ്രായം പറഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ടീച്ചർ കേരളത്തിലേക്ക് വരുന്നവരെയെല്ലാം ഒരുപോലെ സ്റ്റീരിയോടൈപ്പ് ആക്കി പറഞ്ഞത് ഒട്ടും ശരിയായില്ലെങ്കിലും കേരളത്തിലെ ഏറെ ആളുകളുടെ, എന്റെ അനുഭവത്തിൽ ഭൂരിഭാഗത്തിന്റെയും, ചിന്തക്ക് അനുയോജ്യമായ ഒരു അഭിപ്രായം ആണത്. അത് കൊണ്ടുതന്നെ അതിനെ പുച്ഛിച്ചുതള്ളിയിട്ടു കാര്യമില്ല. മുഖ്യമന്ത്രി ആകട്ടെ കൂടുതൽ പോസിറ്റീവ് ആയ ഒരു നിലപാടാണ് എടുത്തത് എന്നത് അഭിനന്ദനാർഹമാണ്, പ്രത്യേകിച്ചും മറു നാടുകളിൽ താമസിക്കുന്ന മലയാളികൾ ആണ് കേരളത്തിന്റ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം എന്നിരിക്കെ ഇവിടെ തൊഴിൽ തേടി വരുന്നവരെ രണ്ടാം തരക്കാരായി കാണുന്നത് ഒട്ടും ശരിയല്ലല്ലോ.
ടീച്ചർ പറഞ്ഞ പോലെ മറുനാട്ടിൽ നിന്നും വരുന്നവർ കേരളത്തിൽ സ്ഥിരതാമസമാക്കുമെന്നും, ഇവിടെ കല്യാണം കഴിക്കുമെന്നും, വോട്ട് ചെയ്യും എന്നൊക്കെയുള്ളത് യാഥാർത്ഥ്യം തന്നെയാണ്. ലോകത്തെവിടെയും ഇത് സംഭവിക്കുന്നതും ആണ്, കേരളത്തിൽ ഇപ്പോൾ തന്നെ സംഭവിക്കുന്നും ഉണ്ട്. അത് നമ്മുടെ സംസ്കാരത്തെ മാറ്റുകയും ചെയ്യും. അതൊരു തെറ്റൊന്നും അല്ല. നമ്മുടെ സംസ്കാരം പുറമെ നിന്നും വരുന്നവരേക്കാൾ മഹത്തരമോ മോശമോ അല്ല. സംസ്കാരങ്ങളുടെ സങ്കലനം ലോക ചരിത്രത്തിന്റെ ഭാഗവും ആണ്. പ്രവാസികളുടെ വരവ് സാമ്പത്തികമായും സാമൂഹ്യമായും സമൂഹങ്ങൾക്ക് ആത്യന്തികമായി ഗുണകരം ആണെന്ന് ഏറെ പഠനങ്ങൾ ഉണ്ട്. പക്ഷെ മാറ്റങ്ങൾ ഉണ്ടാകും അതെല്ലാവർക്കും ഒരുപോലെ നല്ലതാവില്ല. അതെന്താണെന്ന് മുൻകൂട്ടി അറിഞ്ഞു പ്രവർത്തിച്ചാൽ ഗുണം എല്ലാവര്ക്കും ഉണ്ട് താനും.
മുഖ്യമന്ത്രി പറഞ്ഞ കണക്കനുസ്സരിച്ചാണെങ്കിൽ ഇരുപത്തിയഞ്ചു ലക്ഷം പേരാണ് ഇങ്ങനെ കേരളത്തിൽ എത്തിയിട്ടുള്ളത്. അത് തന്നെ പഴയ കണക്കാണ്. എന്നാലും നമ്മുടെ ജനസംഖ്യയുടെ എട്ടു ശതമാനം വരും. വോട്ടു ചെയ്യുന്നവരുടെ എണ്ണം വച്ച് നോക്കിയാൽ പതിനഞ്ച് ശതമാനവും. ഇത്രയും പേർ കേരളത്തിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചാൽ (തൽക്കാലം അതിനു ഒരു നിയമ വിരുദ്ധതയും ഇല്ല) വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്താൽ (അതിനും നിയമ വിരുദ്ധത ഇല്ല), അത് നമ്മുടെ സംസ്കാരത്തെയും രാഷ്ട്രീയത്തെയും മാറ്റുമെന്നതിനും ഒരു സംശയവും വേണ്ട.
പക്ഷെ ഇവിടെ അതി പ്രധാനമായ ഒരു വിഷയം ഉണ്ട്,നമ്മൾ ബംഗാളികൾ എന്ന് പറയുന്ന ഏറെ പേർ ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ നിന്നും വരുന്നവർ അല്ല. ആസാമിൽ എത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരും ബംഗ്ലാദേശിൽ നിന്നും നേരെ എത്തുന്നവരും ഉണ്ട്. തത്കാലം എങ്കിലും ബംഗ്ലാദേശിൽ നിന്നും ഉള്ളവർക്ക് ഇന്ത്യയിൽ നിയമപരമായി തൊഴിൽ ചെയ്യാനുള്ള അനുമതി ഇല്ല. എന്നാൽ അങ്ങനെ വന്നെത്തുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തിന് സംവിധാനങ്ങളും ഇല്ല. ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ പറ്റി വ്യക്തമായ നയങ്ങളോ കാഴ്ചപ്പാടോ ഇല്ല. അതുകൊണ്ട് തന്നെ 2021 ലെ അല്ലെങ്കിൽ 2025 ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇതൊരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകും.
ഒരു നാട്ടിലേക്ക് മറ്റുള്ളവർ വരുന്നത് ലോകത്ത് എല്ലായിടത്തും തന്നാട്ടുകാർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. brexit ന്റെ പിന്നിലും, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നിലും ഒക്കെ ഇതൊരു വിഷയമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇതൊരു വിഷയമാകുന്നത് അതിശയമല്ല. പക്ഷെ പ്രധാനമായ പ്രശ്നം മറ്റു നാടുകളിൽ നിന്നും കേരളത്തിലേക്കുള്ള ഈ ഒഴുക്ക് ഇപ്പോഴത്തെ കേരളസമൂഹത്തിന് ഗുണകരം ആയിരിക്കുമോ അല്ലെങ്കിൽ ആക്കിയെടുക്കാൻ സാധിക്കുമോ എന്നതൊക്കെ ആണ്. ഇവിടെയാണ് വാസ്തവത്തിൽ കുഴപ്പം കിടക്കുന്നത്. ഇക്കാര്യത്തെ പറ്റി എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ ഉണ്ടെന്ന് ഇന്നത്തെ സമൂഹ മാധ്യമങ്ങൾ നോക്കിയാൽ തന്നെ മനസ്സിലാകും.
ഏതുകാര്യത്തിലും ഒരഭിപ്രായം പറയുന്നതിനും നയമുണ്ടാക്കുന്നതിനും മുൻപ് ആധികാരികമായ പഠനം വേണമെന്നത് അടിസ്ഥാനപരമായ ഒരു കാര്യമാണ്. പക്ഷെ തൽക്കാലം പ്രവാസി തൊഴിലാളികളെ അനുകൂലിച്ചും എതിർത്തും പറയുന്നതൊക്കെ ‘ഉണ്ടയില്ലാ വെടിയാണ്’. ഉദാഹരണത്തിന് മറുനാടൻ തൊഴിലാളികൾ വന്നതിൽപ്പിന്നെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ കൂടിയിട്ടുണ്ടോ ?, എത്ര പേര് ഇവിടെ കല്യാണം കഴിച്ചു താമസിക്കുന്നു ?, എത്ര പേർ ഈ നാട്ടിൽ വോട്ടു ചെയ്യാൻ അവകാശം നേടി ?, എത്ര പേരുടെ കുട്ടികൾ ഇവിടെ പഠിക്കുന്നു ?, ഇവർ എവിടെ നിന്ന് വരുന്നു?, വന്നവരിൽ എത്ര പേർ ബംഗ്ലാദേശിൽ നിന്നുമുണ്ട് ?. എന്തിന് ഈ പറഞ്ഞ ഇരുപത്തിയഞ്ചു ലക്ഷം പോലും വലിയ അടിസ്ഥാനമൊന്നും ഇല്ലാത്തതാണ്. ഈ സംഖ്യ പത്തു ലക്ഷം മുതൽ മുപ്പത്തി അഞ്ചു ലക്ഷം വരെ ആണെന്ന് വേറെയും വായിച്ചിട്ടുണ്ട്. അടിസ്ഥാനമായ കണക്കില്ലാതെ നടത്തുന്ന വാഗ്‌വാദങ്ങൾ കൂടുതൽ ശബ്ദമാണ് വെളിച്ചമല്ല (more sound than light) ഉണ്ടാക്കുന്നതെന്ന് ഞങ്ങൾ അന്താരാഷ്ട്ര രംഗത്ത് എപ്പോഴും കാണുന്നതാണ്.
കേരളത്തിൽ ഗവേഷണസ്ഥാപനങ്ങൾ അനവധി ഉണ്ടെങ്കിലും അവരൊന്നും തന്നെ ഈ വിഷയത്തിൽ വലിയ താല്പര്യമെടുക്കുന്നില്ല. അതുകൊണ്ടാണ് പ്രവാസത്തെപ്പറ്റി പഠിക്കാൻ തന്നെയായി ഒരു പുതിയ സ്ഥാപനം സ്ഥാപിക്കാൻ ഞങ്ങൾ കുറച്ചു പേർ മുന്നോട്ടു വന്നത്. കേരളത്തിലെ മറുനാടൻ തൊഴിലാളികളുടെ തലസ്ഥാനമായി പത്രങ്ങൾ വിശേഷിപ്പിക്കുന്ന പെരുമ്പാവൂരിൽ Center for Migration and Includive Development എന്ന പേരിൽ ഈ വർഷം ജൂണിൽ ആണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. പ്രവാസത്തെപ്പറ്റി ഗവേഷണം നടത്തി പരിചയമുള്ള നല്ല ആളുകളാണ് ഇതിന് നേതൃത്വം നൽകുന്നത്. വിഷയങ്ങളെപ്പറ്റി അഭിപ്രായം പറയുന്നതിന് മുൻപ് ആദ്യത്തെ ജോലി ശരിയായ കണക്കുകൾ കണ്ടുപിടിക്കുക എന്നതാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മുൻപ് പറഞ്ഞ എല്ലാ ചോദ്യങ്ങളെപ്പറ്റിയും കണക്കുകൾ ശാസ്ത്രീയമായി ശേഖരിക്കും. അതുകൂടാതെ നമ്മുടെ നാട്ടുകാരുടെ മറുനാട്ടുകാരെപ്പറ്റിയുള്ള ചിന്ത (perceptions) എന്താണ്, മറുനാട്ടുകാർ കേരളത്തിൽ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്താണ്, ഇതൊക്കെ പഠനവിഷയമാണ്. അതിനുശേഷം ലോകത്ത് മറ്റു രാജ്യങ്ങൾ ഈ വിഷയത്തെ എങ്ങനെ നേരിടുന്നു, അതിൽ നിന്നും നമുക്കെന്ത് പഠിക്കാം എന്നെല്ലാം ഉൾപ്പെടുത്തി ഒരു പഠനം പൊതു സമൂഹത്തിനും സർക്കാരിനും മുൻപിൽ സമർപ്പിക്കും. അത് ഗുണകരമായ ചർച്ചകളിലേക്കും സമൂഹനന്മയിലേക്കും നയിക്കും എന്നതാണ് വിശ്വാസം. ആറു മാസത്തിനകം ഈ പഠനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങും.
ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഈ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ഒന്ന് ലൈക്ക് ചെയ്യണം. പ്രവാസം എന്ന വിഷയത്തെ പറ്റി നാട്ടിലും ലോകത്തും നടക്കുന്ന വിവാദങ്ങളും പഠനങ്ങളും ഒക്കെ ഇവിടെ പങ്കുവെക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ആവാം, പഠനത്തിന്റെ പുരോഗതിയെല്ലാം വഴിയേ അറിയിക്കാം. ഈ വിഷയത്തെപ്പറ്റി സംവാദങ്ങൾ തുടരുകയും ചെയ്യാം.
https://www.facebook.com/cmidtrust/
(മുപ്പത് വർഷമായി കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളി ആണ് മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്)