തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം; വോട്ടെടുപ്പ് ആരംഭിച്ചു

0

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളിൽ ആദ്യ മണിക്കൂറിൽ തന്നെ മികച്ച പോളിംഗാണു രേഖ പെടുത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം എന്നീ ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്.

രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പോളിംഗ് ഇതുവരെ തുടങ്ങിയില്ല. മെഷീൻ തകരാർ ആണ് കാരണം.

വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 8 ശതമാനം പിന്നിട്ടു. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്.

കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറ് വരെയാണ് പോളിംഗ്.

1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിനത്തിലേക്കായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.