കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ

0

തിരുവനന്തപുരം: കോവിഡ് -19 രോഗവ്യാപനസ്ഥിതി കേരളത്തിൽ നിയന്ത്രണവിധേയമെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടർച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണു കാരണം. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാൾ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം.

അതേസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ 14-ന് അവസാനിക്കാനിരിക്കെ, തുടർനടപടികൾ ചർച്ച ചെയ്യാൻ 13-ന് മന്ത്രിസഭ ചേരും. വിദഗ്ധസമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടിയാൽ അതനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് ധാരണ.

ജനുവരി 30നു വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളായിരുന്നു കോവിഡ് സ്ഥിരീകരിച്ച ആദ്യ ഇന്ത്യക്കാർ ഈ മൂന്നു വിദ്യാർഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗമുക്തമായി. റ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവർ വഴി 2 ബന്ധുക്കൾക്കും മാർച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി. പിന്നീട് വിദേശത്തുനിന്നെത്തിയ നൂറുകണക്കിനു പേർക്കും അവർ വഴി കേരളത്തിലെ 99 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതാണ് ഇപ്പോൾ ഒരുപരിധിവരെ പൂർണമായി നിയന്ത്രണത്തിലായിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

കേരളത്തിൽ കൊറോണ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. ലോകത്ത് – 5.75%,ഇന്ത്യയിൽ – 2.83%, കേരളത്തിൽ – 0.58% എന്നിങ്ങനെയാണ് കൊറോണ മരണനിരക്ക്. കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികൾ 91 പേരിലേക്ക് മാത്രമാണ് രോഗം പകർത്തിയത്. സമ്പർക്കത്തിലൂടുള്ള രോഗവ്യാപനം ഒരുപരിധിയിലധികം തടയാൻ കഴിഞ്ഞു എന്നതുതന്നെയാണ് ഈ നേട്ടത്തിനാധാരം.

കാസർകോട് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ല. അതിർത്തിപങ്കിടുന്ന ജില്ലകളിൽ സംസ്ഥാനത്തേക്ക് ആളുകൾ കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്നവരെ നിർബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകൾ എത്തുന്നത്. ഈ മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

ലോക്ഡൗൺ അവസാനിച്ചാൽ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവർ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വന്നേക്കും. വിമാനസർവീസുകൾ തുടങ്ങിയാൽ വിദേശത്തുനിന്നുള്ളവരും എത്താനിടയുയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതലാളുകൾ എത്തിയാൽ അവരെ നിരീക്ഷണത്തിലാക്കേണ്ടിവരും. അനിയന്ത്രിതമായ തോതിൽ ആളുകളെത്തുന്നത് വീണ്ടുംപ്രശ്‌നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകൾ വിട്ടുള്ള യാത്രകൾക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതൽ നടപടികൾ കുറച്ചുനാൾകൂടി തുടരേണ്ടവരും.