കാക്കിക്കുള്ളിലെ കലാഹൃദയം; തരംഗമായി കേരള പോലീസിന്റെ കൈ കഴുകൽ വീഡിയോ

0

സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയ്‌നിന്റെ ഭാഗമായി കേരള പോലീസിന്റെ തകർപ്പൻ കൈ കഴുകൽ വീഡിയോ. കോവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിന് കൈകളുടെ ശുചിത്വം ഉറപ്പു വരുത്തി കൈകൾ എങ്ങനെയാണ് കഴുകേണ്ടത് എന്നാണ് വീഡിയോയിലൂടെ പൊലീസ് പങ്കുവച്ചത്.

പൊതുജനങ്ങൾക്കുള്ള മാർഗനിർദേശം എന്ന നിലയ്ക്കാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധം നൃത്തച്ചുവടുകളിലൂടെ അവതരിപ്പിച്ച പൊലീസുകാരുടെ വിഡിയോ മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

കോറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായി എങ്ങനെ കൈ കഴുകണമെന്നായിരുന്നു വീഡിയോയിലൂടെ പൊലീസ് അവതരിപ്പിച്ചത്. കൈകള്‍ കഴുകേണ്ട രീതിയും മാസ്‌ക് ധരിക്കേണ്ട രീതിയുമെല്ലാം ഡാന്‍സിലൂടെ അവതരിപ്പിച്ചു.

പൊലീസുകാരുടെ ഈ ഡാൻസ് ദേശീയതലത്തിൽ വരെ ശ്രദ്ധ നേടി കഴിഞ്ഞു. ബിബിസി, ഫോക്‌സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങളിലാണ് കേരള പൊലീസിന്റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ വാർത്തയായത്.

ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളഗാത്ത എന്ന പാട്ടിനൊത്താണ് പോലീസുകാർ ഡാൻസിന്‍റെ ചുവടുവെച്ചിരിക്കുന്നത്. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഹേമന്ത് ആര്‍ നായര്‍ ആണ് ക്യാമറയും എഡിറ്റിംഗും. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറാണ് ഏകോപനം.