ആ പ്രതീക്ഷയും അസ്തമിക്കുന്നുവോ?

0

കേരളത്തിലെ അഭ്യസ്തവിദ്യരായ, ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ് പി.എസ്.സി. പി. എസ്.സി.യുടെ ഓരോ വിജ്ഞാപനത്തെയും മഴയെ തേടുന്ന വേഴാമ്പൽ പക്ഷിയെപ്പോലെ കാത്തിരിക്കുകയാണ് തൊഴിൽ രഹിതരായ യുവത്വം. ഓരോ പരീക്ഷ കഴിയുമ്പോഴും ആയിരങ്ങൾ സർക്കാർ സർവീസിൽ പ്രവേശിക്കുന്നത് സന്തോഷകരമായ കാര്യം തന്നെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട, നിയമനം കാത്തു കിടക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം കേരളം ഈയടുത്ത കാലത്ത് കണ്ട ഏറെ ചർച്ചാ വിഷയമായിരുന്ന സംഭവമായിരുന്നു.

ഇത് സർക്കാറിന് കടുത്ത സമ്മർദ്ദം നൽകിയെന്നതും യാഥാർത്ഥ്യമായിരുന്നു. ഈ സമരവും സമ്മർദ്ദവുമായിരിക്കാം സർക്കാറിൻ്റെ പുതിയ നിർദ്ദേശത്തിന് ഹേതുവായിത്തീർന്നത്. പി. എസ്.സി യുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറയ്ക്കണമെന്നാണ് സർക്കാറിൻ്റെ നിർദ്ദേശമെന്ന് നിയമസഭയിൽ അറിയിച്ചത്.

വർഷങ്ങളായി കേരള പി.എസ്.സി. പിൻതുടർന്ന് വന്നിരുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഓരോ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോഴും പ്രതീക്ഷിക്കുന്ന ആകെ ഒഴിവുകളുടെ മൂന്നിരട്ടി മുതൽ അഞ്ചിരട്ടി വരെയുള്ളവരുടെ റാങ്ക് പട്ടിക തയ്യാറാക്കുക എന്നതാണ് നിലവിലെ കീഴ് വഴക്കം. ഇതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു ‘ ഇതിന് തികച്ചും വിരുദ്ധമായ ഒന്നാണ് പുതിയ സർക്കാർ നിർദ്ദേശം.

ചെരിപ്പിനനുസരിച്ച് പാദം മുറിക്കുക എന്ന അശാസ്ത്രീയമായ സമീപനമാണിതെന്ന് പറയാതെ വയ്യ. റാങ്ക് പട്ടികയുടെ വലിപ്പം കുറച്ചാൽ ഒരു പക്ഷേ നിശ്ചിത കാലാവധിക്കുള്ളിൽ പട്ടികയിലെ മുഴുവൻ പേർക്കും നിയമനം കിട്ടിയേക്കാം അപ്പോഴും ബാക്കിയാവുന്ന ഒരു വസ്തുതയുണ്ട്. കുറച്ചധികം പേരുടെ അവസരം നിഷേധിക്കപ്പെടുന്നു എന്നതാണ് ആ യാഥാർത്ഥ്യം. സർക്കാറിന് ഇക്കഴിഞ്ഞ സമരം പോലുള്ള സമ്മർദ്ദത്തിൽ നിന്നും തൽക്കാലം രക്ഷ കിട്ടിയക്കാം. എന്നാൽ യുവാക്കളുടെ അവസരമാണ് നഷ്ടപ്പെടുന്നത് എന്ന യാഥാർത്ഥ്യം മറന്നു കൂടാ.

മാത്രമല്ല ഇത് പി.എസ്.സി യുടെ സ്വയംഭരണം തകർക്കുന്ന നിർദ്ദേശം കൂടിയായി മാറിത്തീരും. തടവറകളുടെ വ്യാസം ചുരുക്കി സ്വാതന്ത്ര്യത്തിൻ്റെ വ്യാപ്തിയെപ്പറ്റി സംസാരിക്കുന്നതിന് തുല്യമാണ് ഈ സർക്കാർ നിർദ്ദേശം. കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുക എന്നത് തന്നെയായിരിക്കണം പി.എസ്.സി യുടെ ലക്ഷ്യം. പരിഷ്കാരങ്ങളുടെ ആത്യന്തികമായ ലക്ഷ്യം അത് തന്നെയായിരിക്കണം. യുവാക്കളുടെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും കടയ്ക്കൽ കത്തി വെക്കുന്ന നിർദ്ദേശം സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്.