ഇന്നും നാളെയും കനത്തമഴ: 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിലാണ് മഴ കനക്കുക. അതീവ ജാഗ്രത പുലർത്താൻ സർക്കാർ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിർദേശിച്ചു. ഇടുക്കി, ഇടമലയാര്‍, പമ്പ ഡാമുകള്‍ തുറന്നെങ്കിലും ആശങ്കയില്ല. ഒക്ടോബർ 23വരെയുള്ള എല്ലാ സര്‍വകലാശാലാ പരീക്ഷകളും മാറ്റി.

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന വടക്കൻ ജില്ലകളിൽ രാവിലെ മഴയില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുളള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി. കേന്ദ്രസേനയും പലയിടങ്ങളിലായി ക്യാംപ് ചെയ്യുന്നുണ്ട്. നിലവിൽ ജലാശയങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിലല്ലെന്നാണ് വിലയിരുത്തൽ. അതേ സമയം ആലപ്പുഴ ചെറുതന യിൽ 400 ഏക്കർ വരുന്ന തേവേരി പാടശേഖരത്തിൽ മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു.ആലപ്പുഴയിൽ മഴ മാറി നിൽക്കുകയാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് താഴ്ന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശമുണ്ട്.