സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

0

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരത്തെ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ അലേർട്ട് പുതുക്കി ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ഇന്ന് 14 ജില്ലകളിലും നാളെ 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയ ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

അതേസമയം, വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്.

അതിനിടെ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്.

ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.