സ്കൂൾ തുറക്കൽ: പ്രൈമറി ക്ലാസ് ആദ്യം; മാർഗനിർദ്ദേശം ഒക്ടോബർ 5 ന് മുമ്പ്

0

ന്യൂഡൽഹി: കോവിഡ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ രാജ്യത്തു സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ആദ്യം പ്രൈമറി ക്ലാസ്, പിന്നീട് സെക്കൻഡറി എന്നിങ്ങനെ തുറക്കാമെന്നാണ് ഐസിഎംആർ വിദഗ്ധരുടെ നിർദേശം.

അതെ സമയം അടച്ച് പൂട്ടിയ സ്കൂൾ തുറക്കുന്നതിൽ ഒക്ടോബർ അഞ്ചോടെ മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിന് മുന്നോടിയായി അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ യോഗവും കളക്ടർമാരുടെ യോഗവും ചേരും. സ്കൂൾ തുറക്കൽ സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള ചർച്ചയും ധാരണയും ആയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും. കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്സാസ് നടത്താനാണ് തീരുമാനം. സമാന്തരമായി വിക്ടേഴ്സ് വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. നവംബറിൽ ക്ലാസ് തുടങ്ങിയാലും മാർച്ചിലെ പൊതുപരീക്ഷക്ക് മുമ്പ് നാലരമാസത്തോളം മാത്രമാണ് കിട്ടുക. ഇടക്ക് വീണ്ടും കൊവീഡ് ഭീഷണി കനത്താലുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. അക്കാഡമിക് കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാർഗ്ഗരേഖ തയ്യാറാക്കും. വിക്ടേഴ്സ് പഠനവും സ്കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷക്കുള്ള പൊതുമാനദണ്ഡം ഉണ്ടാക്കുക.