നമ്മുടെ വിദ്യാലയങ്ങൾ ഒന്നര വർഷമായി അടച്ചിട്ടിരിക്കയാണ്. ആരുടെയെങ്കിലും അനാസ്ഥ കൊണ്ടല്ല. മഹാമാരി സൃഷ്ടിച്ച പ്രത്യേക പരിതസ്ഥിതിയിൽ സംജാതമായ സവിശേഷമായ സ്ഥിതി വിശേഷം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. വിദ്യാർത്ഥികളുടെ പഠനം ഒരു സാഹചര്യത്തിലും മുടങ്ങരുതെന്നുള്ള നിർബന്ധബുദ്ധിയുള്ളത് കൊണ്ട്, ന്യൂനതകൾ പലതുണ്ടെങ്കിലും ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമായി നൽകാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. പൊതു പരീക്ഷകൾ കൃത്യമായി നടത്തി ഫല പ്രഖ്യാപനം നടത്തുന്ന കാര്യത്തിലും വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ പരിശ്രമങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ കാര്യങ്ങൾ ഏറെക്കുറെ ഭദ്രമെന്ന് കരുതാൻ പറ്റുന്ന അവസ്ഥ.

എന്നാൽ ഇതിനിടയിൽ നമ്മുടെ വിദ്യാലയങ്ങളുടെ വർത്തമാന അവസ്ഥ എന്തെന്ന് പരിശോധിക്കുന്നത് കൗതുകകരമായ കാര്യമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കേരളം കണ്ടറിഞ്ഞത് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ ശ്രദ്ധേയമായ വലിയ മുന്നേറ്റം തന്നെയായിരുന്നു. സർക്കാറിൻ്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ മിക്ക വിദ്യാലയങ്ങളും ഹൈടെക്ക് ആയി മാറിയിരുന്നു. പബ്ലിക് സ്കൂളുകളെ വെല്ലുന്ന കെട്ടിടങ്ങളും ക്ലാസ് മുറികളും കളിസ്ഥലങ്ങളും ഓരോ വിദ്യാലയത്തിൻ്റെയും അഭിമാനകരമായ മാറ്റം തന്നെയാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഒന്നരവർഷമായി അടച്ചിട്ടിരിക്കുന്ന ഈ വിദ്യാലയങ്ങളിൽ ഭൂരിപക്ഷവും കാട് കയറി ശ്മശാന തുല്യമായി മാറ്റിയിട്ടുണ്ട്.

കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ ക്ലാസ് മുറികളിൽ പോലും വള്ളിപ്പടർപ്പുകൾ പടർന്ന് കയറിയ കാഴ്ച. വിദ്യാലയ അങ്കണങ്ങളിൽ നിർത്തിയ സ്കൂൾ വാഹനങ്ങൾക്ക് ചുറ്റും കൊടും കാടുകൾ തന്നെ. തികച്ചും ഉപയോഗശൂന്യമായ അവസ്ഥയിലാണ് ഈ വാഹനങ്ങൾ . മാനേജ്മെൻറും രക്ഷാകർതൃസമിതിയുമെല്ലാം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. ഈ വിദ്യാലയങ്ങളൊന്നും എക്കാലത്തേക്കും അടച്ചിട്ടതല്ലെന്നും വീണ്ടും തുറന്നു പ്രവർത്തിക്കേണ്ട പൊതു സ്ഥാപനങ്ങളാണെന്നും ഇവരെല്ലാം മറന്നു പോകുന്നത് എന്ത് കൊണ്ടാണ്.

നാളെയും ഇവിടെ കുട്ടികൾ പഠിക്കുകയും കളിക്കുകയും ചെയ്യേണ്ടതാണെന്ന് ആരാണ് ഇവരെ ഓർമ്മപ്പെടുത്തേണ്ടത്? കാടുകയറിയ കളിസ്ഥലങ്ങളിലും വിദ്യാലയ അങ്കണങ്ങളിലും പാമ്പുകൾ വിഹരിക്കുകയാണ്. അത് നാളെ ഒരു വലിയ വിപത്തായി പരിണമിച്ചേക്കാം. വിദ്യാലയങ്ങൾ നാടിൻ്റെ പ്രകാശഗോപുരങ്ങളാണ്. അത് സംരക്ഷിക്കേണ്ടത് ഓരോ പ്രദേശത്തിൻ്റെയും കടമയും ബാദ്ധ്യതയുമാണ്.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ സത്വര ശ്രദ്ധ അനിവാര്യമായിത്തീർന്നിരിക്കയാണ്. ശബ്ദമുഖരിതമായ ക്ലാസ് മുറികളും ആരവങ്ങളുയരുന്ന കളിക്കളങ്ങളും തന്നെയാണ് നാളെയുടെ പ്രതീക്ഷ.