എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.11

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ആണ് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. മോഡറേഷൻ ഇല്ലാതെ 98.11 ശതമാനം വിദ്യാർത്ഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാൾ 0.27 ശതമാനം വർദ്ധനവുണ്ടായി.

പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 37,334 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തേക്കാൾ 3021 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 599 സർക്കാർ സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമുൾപ്പെടെ 4,35,142 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാര്‍ഥികള്‍ക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളുകളും 391 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു.

ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും. ജൂണ്‍ ആദ്യവാരം സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി മെയ് ഏഴുമുതല്‍ പത്തുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.