“വെളിച്ചപ്പാടന്മാർ ദയവായി വാളെടുക്കണം” മുരളി തുമ്മാരുകുടി

1

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായിരിക്കുന്ന ഒരു സ്ഥിതിയാണിപ്പോൾ ഇന്റർനെറ്റിൽ. ഒരു ദുരന്തത്തിനു പിന്നാലെ മറ്റ് വന്‍ ദുരന്തങ്ങളായി മാറാവുന്ന ഇന്‍റര്‍നെറ്റ് ഗവേഷണ ലേഖനങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി നല്‍കുന്ന മുന്നറിയിപ്പ്

ഇന്റർനെറ്റിൽ ഇപ്പോൾ വിദഗ്ദ്ധരുടെ പ്രളയമാണ്. മനുഷ്യക്കടത്ത് മുതൽ കിണർ വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ യാതൊരു പ്രായോഗിക ജ്ഞാനവും ഇല്ലാത്തവർ ഇന്റർനെറ്റ് പരതി കിട്ടുന്ന വിവരങ്ങൾ എഴുതി വിടുന്നു, അവ പരോപകാര കിംവദന്തിയായി എല്ലാവരും പങ്കുവക്കുന്നു.

ഹ്യൂമൻ ട്രാഫിക്കിങ്ങിനെപ്പറ്റി വലിയൊരു ലേഖനം കണ്ടു. അനവധി ആളുകൾ അത് ഷെയർ ചെയ്യുന്നു. ഇതെഴുതിയ ആൾ എന്തൊക്കെ ദുരന്തങ്ങളിൽ, വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് എന്നെനിക്കറിയില്ല. പക്ഷെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ വൻ ദുരന്തങ്ങളിലും നേരിട്ട് ഇടപെട്ട പരിചയത്തിൽ കുറച്ചു കാര്യങ്ങൾ പറയാം…

  1. ഹ്യൂമൻ ട്രാഫിക്കിങ്ങ് ലോകത്ത് ഒരു പ്രശ്നമാണ്. ദുരന്ത കാലത്തും യുദ്ധകാലത്തും മാത്രമല്ല നേപ്പാളിൽ ഒക്കെ സാധാരണ കാലത്തും ഇത് പ്രശ്നമാണ്.
  2. യുദ്ധ രംഗത്തും പ്രകൃതി ദുരന്തങ്ങളിലും അച്ഛനമ്മമാരും കുട്ടികളും പരസ്പരം വേർപെട്ടു പോകുന്ന സാഹചര്യത്തിലാണ് ഇത് കൂടുതൽ സംഭവിക്കുന്നത്.
  3. ദുരിതാശ്വാസ ക്യാംപുകളിൽ വന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുക എന്നതല്ല ഈ ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ രീതി.
  4. കേരളത്തിലെ ഇപ്പോഴത്തെ ക്യാംപുകളിൽ കുട്ടികളെ അടിച്ചുമാറ്റാൻ ആഗോള സംഘങ്ങൾ എത്തും എന്ന തരത്തിലുള്ള കിംവദന്തികൾ തെറ്റാണ്, അനാവശ്യമാണ്, അനവസരത്തിൽ ഉള്ളതാണ്.
  5. ഇന്റർനെറ്റ് ഗവേഷണം ചെയ്തുണ്ടാക്കിയ ഈ ലേഖനം മനഃപൂർവ്വമല്ലെങ്കിലും നിരുപദ്രവമല്ല. വാട്ട്സ്ആപ്പ് കിംവദന്തികളുടെ പശ്ചാത്തലത്തിൽ ആളുകളെ തല്ലിക്കൊല്ലുന്നത് ഇപ്പോൾ ഇന്ത്യയിൽ അപൂർവമല്ല. ആളുകൾ ടെൻഷനിൽ ഇരിക്കുന്ന ഈ സാഹചര്യത്തിൽ ഏതെങ്കിലും സാധുവിനെ അടിച്ചു കൊല്ലുന്നതിലേക്കാണ് ഇത്തരം ‘ഗവേഷണ’ ഫലങ്ങൾ നയിക്കുന്നത്.

ഇതുപോലെ തന്നെയുള്ള വേറൊന്ന് വെള്ളത്തിൽ ഒരു രാസവസ്തു വിതറി അതിനെ ഖര രൂപത്തിലാക്കി വാരിക്കളയുന്നതാണ്. ഏറ്റവും അനാവശ്യമായ കാര്യമാണ്. മൊത്തത്തിൽ കിടക്കുന്ന വെള്ളത്തെ പുറത്തു കളയാനുള്ള രീതി ഒന്നുമല്ല അത്.

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായിരിക്കുന്ന ഒരു സ്ഥിതിയാണിപ്പോൾ ഇന്റർനെറ്റിൽ. അതേ സമയം ഓരോ വിഷയത്തിൽ നല്ല അറിവുള്ളവർ അനവധി ഉണ്ട്. അതുകൊണ്ട് മൂന്നു അപേക്ഷയുണ്ട്.

  1. അറിവുള്ളവർ ആ വിഷയത്തെക്കുറിച്ച് എഴുതണം. എഴുതുമ്പോൾ നിങ്ങളുടെ ആ വിഷയത്തിലെ പരിചയം എന്താണെന്നും.
  2. തലയും വാലുമില്ലാതെ, ആരാണ് എഴുതുന്നത്, അവരുടെ വിഷയത്തിലെ പരിചയം എന്താണ് എന്നൊക്കെ അറിയാതെ ഒരു പോസ്റ്റും ഷെയർ ചെയ്യരുത്.
  3. തെറ്റായ പോസ്റ്റുകൾ എഴുതുന്നത് കണ്ടാൽ വിവരമുള്ളവർ നോക്കിയിരിക്കരുത്. നിങ്ങൾ ഇരിക്കേണ്ടിടത്ത് ഇരിക്കാത്തതു കൊണ്ടാണ് അവിടെ ഇത്തരക്കാർ വന്നിരിക്കുന്നത്. അവരെ തുറന്നുകാട്ടണം.

മുരളി തുമ്മാരുകുടി