ജീവിതത്തിലെ അമൂല്യസമ്പാദ്യം കേരളത്തിനായി….

1

പ്രളയദുരന്തത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍   മലയാളമക്കള്‍ക്ക്  ലോകത്തിന്റെ നാനാകോണുകളില്‍നിന്നും പല തരത്തിലുള്ള സഹായഹസ്തങ്ങള്‍ നീളുമ്പോള്‍ കാസര്‍കോട്‌ , എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍ കൂടുതല്‍ വ്യത്യസ്തനാകുന്നു.


തന്റെ ജീവിതത്തിലെ അമൂല്യ സമ്പത്തായി കരുതിവച്ചിരുന്ന ബൃഹത്തായ നാണയശേഖരമാണ് ഇബ്രാഹിം കേരളത്തിനായി വില്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈയടുത്ത കാലംവരെ പലരും വലിയ തുകയ്ക്ക് ഈ ശേഖരം വാങ്ങാന്‍ സമീപിച്ചിട്ടും ഇബ്രാഹിം വില്ക്കാ ന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കേരളത്തിനെ മഹാദുരന്തത്തില്‍നിന്നും കരകയറ്റാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍, ഇപ്പോള്‍ ഇബ്രാഹിം പൂര്‍ണ്ണ മനസ്സോടെ തന്‍റെ ശേഖരം വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്

വര്ഷ്ങ്ങളായി ദുബായില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്ന ഇബ്രാഹിമിന് നാണയശേഖരമൊഴിച്ച് പറയത്തക്ക സമ്പാദ്യമൊന്നും തന്നെയില്ല. ആറുവര്‍ഷമായി തുടങ്ങിവെച്ച വീടുപണി പൂര്‍ത്തിയാകാതെ കിടക്കുന്നു! എന്നാലും ഇബ്രാഹിം സന്തോഷത്തോടെ പറയുന്നു: “ ഈ നാണയം വിറ്റ് കിട്ടുന്ന കാശുകൊണ്ട് എനിക്ക് മൂന്നുപേരെ വീടുവെക്കാന്‍ സഹായിക്കണം. ഒരു ഹിന്ദുവിനെയും, ഒരു മുസല്‍മാനെയും ഒരു ക്രിസ്ത്യാനിയെയും”…പരസ്പര സാഹോദര്യത്തിന്റെയും മാനവികതയുടെയും പൊരുളുകള്‍ക്ക് അടിവരയിടുന്ന വാക്കുകള്‍…..