കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ തിരുവനന്തപുരത്ത്

0

കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് വരുന്നു. ഡിസംബറില്‍ ലുലു മാളിലാണ് പുത്തന്‍ ദൃശ്യാനുഭവമൊരുക്കാന്‍ ഐമാക്സ് തീയറ്ററെത്തുന്നത്. ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ ചിത്രമായിരിക്കും ആയിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക. ഐ മാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ് വാർത്ത ട്വിറ്ററില്‍ പങ്കുവച്ചത്.

‘ഡിസംബറില്‍ തിരുവനന്തപുരം ലുലുമാളില്‍ ഐമാക്സ് തുറക്കുകയാണ്. അവതാർ ആദ്യ പ്രദർശനം. കേരളത്തിലെ ആദ്യ ഐമാക്സ് ഞങ്ങള്‍ ആരംഭിക്കുകയാണ്’. പ്രീതം ഡാനിയല്‍ ട്വീറ്റ് ചെയ്തു. വാർത്ത ലുലു ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരത്തിന് പുറമെ കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടങ്ങളില്‍ സന്ദർശനം നടത്തിയതായി പ്രീതം ട്വീറ്റ് ചെയ്തു.

പുതുകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ വലിയ കൗതുകം ഉണര്‍ത്തിയ പ്രദര്‍ശനശാലകളാണ് ഐമാക്സ്. വമ്പന്‍ ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള ഐമാക്സ് തിയറ്ററുകള്‍ സിനിമാനുഭവത്തിന്‍റെ മറ്റൊരു തലം സമ്മാനിക്കുന്നുവെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.