കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ‘കോക്കോണിക്സ്’ ജനുവരി മുതല്‍ വിപണിയില്‍

0

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് അടുത്ത ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു മോഡലുകളിലായി നാലു നിറങ്ങളിലായാണ് ലാപ്ടോപ്പ് വരുന്നത്. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. “ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക”, എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് വിശേഷിപ്പിച്ചത്.

തിരുവനന്തപുരം മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം തയ്യാറാകുന്നുണ്ട്.

ഇന്ത്യയിലെ തന്നെ പിപിപി മോഡലിൽ നി‍‌‌ർമ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്ടോപ്പാണ് കേരളത്തിന്‍റെ കൊക്കോണിക്ക്സ്. യഥാർത്ഥ്യത്തിൽ ഇന്ത്യയിൽ ഒരു കമ്പനിയും ലാപ്ടോപ്പുകളോ കമ്പ്യൂട്ടറുകളോ നിർമ്മിക്കുന്നില്ല, വിവിധ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഈ വ്യവസ്ഥയിലേക്കാണ് സ്വന്തം ലാപ്ടോപ്പുമായി കൊക്കോണിക്സ് കടന്നു വരുന്നത്.