സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

0

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണന്‍,- ശാന്ത ദമ്പതികളുടെ മകന്‍ പ്രമോദ് മുണ്ടാണി (40) ആണ് ജുബൈലില്‍ മരിച്ചത്. പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെക്കാനിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ പ്രസാദ് മുണ്ടാണി ജുബൈലില്‍ ഉണ്ട്. ഭാര്യ: ഉഷ. രണ്ടു പെണ്മക്കളുണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ സലീം ആലപ്പുഴ രംഗത്തുണ്ട്.