‘മരിക്കാനായ് മലയാളികൾ ഊഴം കാത്ത്’ – ഗൾഫിൽ നിന്നും പ്രവാസിയുടെ കുറിപ്പ്

0

ഗൾഫിൽ നിന്നും കൊറോണാ വൈറസ് ക്വാരന്റൈനിലുള്ള പ്രവാസിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കണ്ണൂർ സ്വദേശിയായ വിനോദ് സുകൃതമാണ് ദുബായിൽ നിന്നും ഈ ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെക്കുന്നത്. നോർക്കയുടെയും എംബസിയുടെയും പ്രതികരണമില്ലായ്മയെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നു. കുറിപ്പ് വായിക്കാം:

” മരിക്കാനായ് മലയാളികൾ ഊഴം കാത്ത് – ഇന്നലെ അത് തലശ്ശേരിക്കാരൻ 41 വയസുള്ള പ്രദീപ് സാഗറും, 37വയസുള്ള കുവൈറ്റിൽ മരിച്ച പേരു വെളിപ്പെടുത്താത്ത യുവാവുമാണെങ്കിൽ നാളെയത് എന്നിലേക്കും നീളാം.

പന്ത്രണ്ടാം ദിവസമാണ് ഞാനിന്ന് ക്വാരന്റൈനിൽ എന്നെക്കൂടാതെ മലയാളി സുഹൃത്ത് കൊയിലാണ്ടിക്കാരൻ ഗിരീഷും റൂമിലുണ്ട്. ജോലി സ്ഥലത്ത കൊറോണ പോസറ്റീവായ ഒരു ഡോക്ടറുടെ ഭർത്താവ് സന്ദർശിച്ചതിന്റെ പേരിലാണ് ഞാനിന്ന് ക്വാരന്റൈനിൽ. രണ്ട് ദിവസം മുന്നേ നമ്മുടെ റൂമിലേക്ക് കൊറോണയുടെ എല്ലാ ലക്ഷണവുമുള്ള ഒരു നേപ്പാളി യുവാവിനെ നിർബന്ധപൂർവ്വം ക്വാരന്റൈൻ ഉത്തരവാദിത്വമുള്ളവർ പാർപ്പിച്ചു. അവന് തുടരെ തുടരെയുള്ള പനി, ശ്വാസതടസം, ചുമ, തുടങ്ങിയ ലക്ഷണങ്ങളുണ്ട്. രാത്രിയൊന്നും ഉറങ്ങാതെ കഷ്ടപ്പെടുമ്പോൾ നമ്മൾ അവന് ധൈര്യം പകരുന്നു. അവനോടു ചൂടുവെള്ളം കുടിക്കാൻ പറയുന്നു. പേടിക്കാനില്ലെന്ന് പറയുന്നു.

ഈ വിവരം നമ്മൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ല. നമ്മൾ എംബസിയുമായി 971508995583-ൽ ബന്ധപ്പെട്ടു. ഇവിടുത്തെ ഹെൽത്ത് മിനിസ്ട്രിയുമായി 8001717, 80011111-ൽ ബന്ധപ്പെട്ടു. അവർ പറഞ്ഞത് നിങ്ങളുടെ കമ്പനിയാണ് ഇതൊക്കെ നോക്കേണ്ടത് നമ്മൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. നമ്മുടെ ഒരു സുഹൃത്ത് ഡ്രൈവറും ഇവിടെ മറ്റൊരു ചെറിയ ക്യാബിനിൽ കോറോണ പോസറ്റീവായി ആരും തിരിഞ്ഞു നോക്കാതെ കൈയ്യിലുള്ള പെനഡോൾ കഴിച്ച് കഴിയുന്നു.ഇവിടുത്തെ പ്രവാസി ഭാരതി റേഡിയോയിലൂടെ നോർക്ക ഏർപ്പാടാക്കിയ ഷിബു വർഗീസിന്റെ 0505700314 നമ്പർ വിളിക്കുമ്പോൾ കോൾ കട്ടാക്കുന്നു.

ഇവിടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ലാബർ ക്യാമ്പുകളിൽ കഴിയുന്നത്. നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇന്ത്യൻ സമൂഹം ഇന്ന് മഹാമാരിയുടെ പേടിയിലാണ്. നമ്മുടെ ഭരണ കർത്താക്കൾ എത്രയും പെട്ടെന്ന് ചൈനയിലെ വുഹാനിൽ നിന്നും വിദ്യാർത്ഥികളെ എയർ ഇന്ത്യാ വിമാനത്തിൽ കൊണ്ടുവന്നതു പോലെ ഇവിടുത്തെ രോഗികളേയും, പ്രായമുള്ളവരേയും, ഗർഭിണികളേയും, കുട്ടികളേയും തിരിച്ചു കൊണ്ടു പോകണം.

ബഹുമാനപ്പെട്ട മന്ത്രി വി.മുരളീധരൻ ഫെയിസ് ബുക്കിൽ -ൽ പോസ്റ്റിട്ടു കളിക്കാതെ, മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നോർക്ക, കൂർക്ക എന്നു തള്ളാതെ, പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദ്യങ്ങൾ ചോദിച്ച് തടി തപ്പാതെ വേണ്ട രീതിയിൽ ഉണർന്നു പ്രവർത്തിക്കുക. എല്ലാവർക്കും ആരോഗ്യവും, നാടിന് സമൃദ്ധിയും ഉണ്ടാകാൻ ഈ വിഷുദിനത്തിൽ പ്രാർത്ഥിക്കുന്നു. വിഷുദിനാശംസകൾ”