അന്ന് ഓട്ടോയിൽ പ്രമോഷൻ, ഇന്ന് പ്രൈവറ്റ് ജെറ്റിൽ; യഷിന്റെ വൈറൽ വിഡിയോ

0

‘കെജിഎഫ്’ എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ കൂടെക്കൂട്ടിയ താരമാണ് യഷ്. ഒരു സാധാരണ കുടുംബത്തില്‍നിന്നു സൂപ്പര്‍താരത്തിലേക്കുളള അദ്ദേഹത്തിന്റെ ചുവടുവയ്പ് പെട്ടെന്നൊരു ദിവസം കൊണ്ടായിരുന്നില്ല. ആ ജൈത്രയാത്രയിലെ പഴയൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 2009ൽ സ്വന്തം സിനിമ പ്രമോട്ട് ചെയ്യാൻ ഓട്ടോ ഡ്രൈവറായി മാറിയ യഷിനെ വിഡിയോയിൽ കാണാം.

‘കല്ലാറ സന്തെ’ എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായ സോമു എന്ന കഥാപാത്രമായാണ് യഷ് പ്രത്യക്ഷപ്പെട്ടത്. ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു ഓട്ടോയിലെ യാത്രക്കാർ.

അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിൽ ഇന്ത്യ മുഴുവൻ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നു എന്നാണ് വിഡിയോ കണ്ട ആരാധകർ പറയുന്നത്.

കർണാടക ആർടിസിയിലെ ഡ്രൈവറായിരുന്നു തന്റെ അച്ഛൻ അരുണ്‍ കുമാറെന്ന് യഷ് പറഞ്ഞിട്ടുണ്ട്. മകന്‍ സിനിമ നടനായിട്ടും തന്റെ ജോലി നിര്‍ത്താന്‍ അരുണ്‍ കുമാര്‍ തയാറായിരുന്നില്ല. അച്ഛന്‍ ആ ജോലി ഇഷ്ടപ്പെട്ടിരുന്നുവെന്നും അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും യഷ് പറയുന്നു. യഷിന്റെ സഹോദരിക്ക് കുഞ്ഞ് ഉണ്ടായ സമയത്താണ് അരുൺ കുമാർ ജോലി രാജിവയ്ക്കുന്നത്.