നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു

0

കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഖുശ്ബു രാജിവച്ചത്. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്.

ഖുശ്ബു ബിജിപി പാളയത്തിലേക്കെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡൽഹിയിൽ എത്തിയതായും വാർത്ത വന്നു. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ ഖുശ്ബു തയ്യാറായില്ല.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നു.

നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം. 2014 ൽ കോൺഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചർച്ചയായത്. ഇക്കാലത്തിനിടയിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അർത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഖുശ്ബു ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.