പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി

0

ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ ഡോ.തമിഴിസൈ സൗന്ദർരാജന് താൽക്കാലിക ചുമതല നൽകി. കിരൺ ബേദിയെ നീക്കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനാണ് പുറത്തിറക്കിയത്. ഡോ.തമിഴിസൈ സൗന്ദർരാജൻ അധിക ചുമതലയായി പുതുച്ചേരി ഗവർണർ സ്ഥാനവും വഹിക്കണമെന്നാണ് രാഷ്ട്രപതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെക്കുകയും സര്‍ക്കാര്‍ ഭൂരിപക്ഷം നിലനിര്‍ത്താനാവാതെ സര്‍ക്കാര്‍ ആടിയുലയുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെയാണ് പുതിയ തീരുമാനം. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

കിരൺ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി രംഗത്തെത്തിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്ഥാനം രാജിവെച്ചത്. എ.നമശ്ശിവായം, ഇ. തീപ്പായ്ന്താന്‍ എന്നിവര്‍ ജനുവരി 25 നാണ് എം.എല്‍.എ. സ്ഥാനങ്ങള്‍ രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി. ഒരു മാസത്തിനിടെ കോൺഗ്രസ് വിടുന്ന നാലാമത്തെ എംഎൽഎ ആണ് ജാൻകുമാർ. രാജിവച്ചവർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമായ സർക്കാർ രാജിവയ്ക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയാണ് രാജി.