കൊച്ചി വിമാനത്താവളം: ഇന്ന് മുതൽ പകൽ 10 മുതൽ വൈകിട്ട് 6 വരെ വിമാനസർവീസില്ല

0

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം ബുധനാഴ്ച മുതൽ. നവീകരണത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാനസർവീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.

10 വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണിപ്പോൾ നടക്കാൻ പോകുന്നത്. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിലെ റൺവേ 2009ൽ ഇത്തരത്തിൽ നവീകരിച്ചിരുന്നു. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. ടാക്സിവേ ഉൾപ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സർവീസിനു സജ്ജമാക്കും.

റൺവേ നവീകരണം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ കൊച്ചി വിമാനത്താവളത്തിലെ റൺവേ ലൈറ്റിങ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവിൽ കാറ്റഗറി 1 ലൈറ്റിങ് സംവിധാനം. റൺവേയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ. കാറ്റഗറി നിലവാരമുയർത്തുന്നതിനായി ലൈറ്റുകൾ തമ്മിലുള്ള അകലം 15 മീറ്റർ ആയി കുറയ്ക്കും.

നിലവിൽ ദിവസവും 240 വിമാന സർവീസുകളാണുള്ളത്. ഇതിൽ റദ്ദാകുന്നത് 4 ആഭ്യന്തര സർവീസും ഒരു രാജ്യാന്തര സർവീസും മാത്രം. രാജ്യാന്തര സെക്ടറിൽ സ്പൈസ്‌ജെറ്റിന്റെ മാലദ്വീപ് സർവീസ്. ആഭ്യന്തര സെക്ടറിൽ സ്പൈസ്ജെറ്റിന്റെ ഒരു ചെന്നൈ സർവീസ്, എയർ ഇന്ത്യയുടെയും ഒരു ചെന്നൈ സർവീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സർവീസ്, അലയൻസ് എയറിന്റെ മൈസൂരു സർവീസ് എന്നിവയും റദ്ദാകുന്നുണ്ട്. എയർഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ, കുവൈത്ത് എയർവേയ്സിന്റെ കുവൈത്ത് സർവീസുകൾ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സർവീസുകൾ രാവിലെ പത്തിനു മുൻപോ വൈകിട്ട് ആറിനു ശേഷമോ ആക്കി.

വിമാനത്താവളത്തിന്റെ പ്രവർത്തനസമയം 24 മണിക്കൂറിൽ നിന്ന് 16 മണിക്കൂർ ആയി ചുരുങ്ങുന്നതു മൂലമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ സിയാൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളിൽ പോകുന്നവർക്ക് ഇനി 3 മണിക്കൂർ മുൻപേ (നിലവിൽ ഒന്നര) ചെക്ഇൻ ചെയ്യാം. രാജ്യാന്തര യാത്രക്കാർക്ക് 4 മണിക്കൂർ (നിലവിൽ 3) മുൻപും. സുരക്ഷാ പരിശോധനയ്ക്ക് ഇപ്പോൾ 950 സിഐഎസ്എഫ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തിന് നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള 400 പേരും അടുത്ത ദിവസങ്ങളിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളും ഡ്യൂട്ടി സമയം പുനഃക്രമീകരിച്ച് ഉദ്യോഗസ്ഥരെ കൂടുതൽ ലഭ്യമാക്കിയിട്ടുണ്ട്. 2020 മാർച്ച് 28ന് പൂർത്തിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.