കൊച്ചി മെട്രോയിൽ ഇനി വര്‍ക്കൗട്ടും ചെയ്യാം ഫോണും ചാര്‍ജ്ജാക്കാം

0

കൊച്ചി: യാത്രക്കാരെ ആകര്‍ഷിക്കുന്ന പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ചാര്‍ജിങ് കിയോസ്‌ക് ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, പവര്‍ ബാങ്ക് തുടങ്ങിയവ പെഡല്‍ ചവിട്ടിക്കറക്കി ചാര്‍ജ് ചെയ്യാവുന്ന നെക്സ്റ്റ് ജനറേഷന്‍ ചാര്‍ജിംഗ് കിയോസ്‌കാണ് കൊച്ചി മെട്രോ സ്‌റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്നത്.

യുറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ചാര്‍ജിംഗ് ഉപകരണങ്ങള്‍ സാധാരണമാണെന്നും തിരക്ക് പിടിച്ചുള്ള യാത്രയ്‌ക്ക് ഇടയില്‍ ശരീരം ഫിറ്റായി സൂക്ഷിക്കണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ സഹായിക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ ഐ.എം. വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ എംജി റോഡിലെ സ്‌റ്റേഷനിലാണ് ചാര്‍ജ്ജിങ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.

സ്മാഡോ ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട് അപ്പ് സംരംഭമാണ് ചാര്‍ജ്ജിങ് സംവിധാനം വികസിപ്പിച്ചത്. റൈഡ് ഓണ്‍ എന്നാണ് ഈ നൂതന സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. സാധാരണ വൈദ്യുതിയില്‍ ചാര്‍ജ് ചെയ്യുന്ന അതേ വേഗത്തില്‍ റൈഡ് ഓണിന് ചാർജ് ചെയ്യാൻ സാധിക്കും. യാത്രക്കാർക്ക് വ്യായാമശീലം വളര്‍ത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് കൊച്ചി മെട്രൊ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.