കൊച്ചി മെട്രോ: തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തു

0

കൊച്ചി: കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെയാണ് മന്ത്രി ചടങ്ങുകളിൽ പങ്കെടുത്തത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് വൈകാതെ അന്തിമ അനുമതി ലഭിക്കുമെന്ന് ഹർദീപ് സിങ്പുരി ചടങ്ങിൽ സൂചന നൽകി. ചടങ്ങിൽ മെട്രോ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

എസ്.എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. കെ.എം.ആർ.എല്ലിനാണ് ഇനിയുള്ള മെട്രോയുടെ
നിർമാണച്ചുമതല.

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോയുടെ സർവീസുകൾ പുനരാരംഭിക്കുന്നത്. കൊച്ചി പേട്ട മെട്രോ റെയിൽവേ സ്റ്റേഷനിലായിരുന്നു ചടങ്ങുകൾ നടന്നത്. രാവിലെ ഏഴ് മണി മുതലാണ് സർവീസുകൾ. ബുധനാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 7 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി ഒൻപതു മണി വരെയുമായിരിക്കും സർവീസ്.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് സർവീസ് നടത്തുന്നത്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമാണ് ഇരിക്കാൻ അനുമതി. ഒരു ട്രെയിൻ ഒരേ സമയം 150 യാത്രക്കാർക്കാണ് യാത്ര ചെയ്യാനാവുക. ഡിജിറ്റൽ ടിക്കറ്റിങ്ങിനാണ് പ്രാധാന്യം നൽകുന്നത്. നോട്ടുകൾ നൽകിയാൽ അണു മുക്തമാക്കാൻ സംവിധാനമുണ്ട്. യാത്രാക്കാരുടെ ശരീര ഊഷ്മാവ് സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും. കൃത്യമായ ഇടവേളകളിൽ ട്രയിൻ അണുമുക്തമാക്കും. യാത്രാ നിരക്കുകളിൽ ഇളവുകളുണ്ട്. കൂടിയ ടിക്കറ്റ് നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു.