കോടിയേരിയുടെ മൃതദേഹം 11 മണിയോടെ എയർ ആംബുലൻസിൽ തലശ്ശേരിയിലെത്തിക്കും

0

ചെന്നൈ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം ചെന്നൈയില്‍ നിന്ന് ഇന്നു പതിനൊന്നു മണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മുതൽ രാത്രി വൈകുന്നതു വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

നാളെ രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ മൃതദേഹം എത്തിക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ 11 മുതൽ പൊതുദർശനത്തിനുവയ്ക്കും. വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.