മരണത്തിനു മുമ്പ് ആശ പറഞ്ഞു: എന്നെ ഇടിച്ചിട്ടത് ആടല്ല; യുവതിയുടെ മരണം കൊലപാതകം; അടിവയറ്റിന് ചവിട്ടി കൊന്നത് ഭര്‍ത്താവ്

0

ഓയൂര്‍: കൊല്ലം വാപ്പാലയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുണ്‍ ദാസിന്റെ ഭാര്യആശ (27) മരിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായതോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. മകൾ ആട് ഇടിച്ചതിനെത്തുടർന്നു വീണു പരുക്കേറ്റെന്ന ഭർത്താവിന്റെ മൊഴി മാതാപിതാക്കൾ വിശ്വസിക്കാതിരുന്നതുകൊണ്ട്. ഒടുവിൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നപ്പോളാണ് ഭർത്താവ് അറസ്റ്റിലായത്.

ദിവസവും മദ്യപിച്ചെത്തി അരുണ്‍ വഴക്കുണ്ടാക്കാറുണ്ടെന്നും, ഒക്ടോബര്‍ 31-ന് വഴക്കിനിടെ ആശയുടെ വയറ്റില്‍ ചവിട്ടുകയും അവര്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. നവംബര്‍ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.

യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാറയുടെ മുകളില്‍ നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. മക്കളായ ഒന്‍പത് വയസ്സുള്ള അല്‍ബാന്റെയും ഏഴ് വയസ്സുള്ള അലന്റെയും അരുണ്‍ദാസിന്റെ അമ്മ എല്‍സി ദാസിന്റെയും മൊഴിയെടുത്തിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിവരത്തിലും വീട്ടുകാര്‍ നല്‍കിയ മൊഴിയിലും വൈരുധ്യം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിൽ ആശയുടെ ശരീരത്തിൽ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയിൽ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. റൂറൽ എസ് പി ഇളങ്കോയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.എ.നസീർ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.