പൊളിക്കാനായുള്ള നിർമ്മിതികൾ

0

ഏറെ ചർച്ച ചെയ്തതും ഇപ്പോഴും അന്തരീക്ഷത്തിൽ നിന്നും വിവാദത്തിൻ്റെ അലയൊലികൾ അപ്രത്യക്ഷമാകാതെ നില നില്ക്കുന്ന പാലാരിവട്ടം പാലം. കോടികൾ ഖജനാവിന് നഷ്ടപ്പെടുത്തിയ കരാർക്കൊള്ളയുടെ മഹാഗാഥയാണ് പാലാരിവട്ടം പാലം. ഇതാണ് കേരളീയ നിർമ്മാണ രീതിയെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. നിർമ്മാണ കൊള്ളയുടെ മറ്റൊരു വീര ഗാഥയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനലിൻ്റെ നിർമാണ പ്രവൃത്തിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പരിശോധിച്ച വിദഗ്ധ സമിതികളെല്ലാം ഈ നിർമാണത്തിൻ്റെ ബലക്ഷയം റിപ്പോർട്ട് ചെയ്യുകയും ഈ നിർമാണം പൊളിച്ചു മാറ്റി പുതിയ നിർമ്മാണം നടത്തണമെന്ന് സംശയലേശമന്യേ ആവശ്യപ്പെട്ടിട്ടുണ്ട്.

നാം ആലോചിക്കേണ്ടതുണ്ട്. കേവലം സുർക്കിയും കുമ്മായവും കൊണ്ട് നിർമ്മിച്ച കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ?ഡാം ഇന്നും സംഭരണ ശക്തിയേക്കാൾ കൂടുതൽ ജലം സംഭരിച്ചിട്ടും ഡീ കമ്മീഷൻ ചെയ്യാനുള്ള സമയമായിട്ടും ഒരു വിദഗ്ധ സമിതിയും പൊളിച്ചേ തീരൂ എന്ന് പറഞ്ഞിട്ടില്ല. ആധുനിക സാങ്കേതിക വിദ്യ വികാസം പ്രാപിച്ച വർത്തമാന കാലത്ത് ജനാധിപത്യ സർക്കാറുകളുടെ കാലത്താണ് ഇത്തരം നിർമാണ കൊള്ളകൾ നടക്കുന്നത് എന്നത് അതിശയകരമാണെന്ന് തന്നെ പറയേണ്ടി വരും.

ഇതിൻ്റെ പ്രധാന കാരണം രാഷ്ടീയക്കാരും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള നീതീകരിക്കാൻ കഴിയാത്ത അവിശുദ്ധ ബന്ധങ്ങൾ തന്നെയാണെന്ന് കണ്ടെത്താൻ പാഴൂർ പടി വരെയൊന്നും പോകേണ്ടതില്ല. തകർക്കേണ്ടതും പൊളിക്കേണ്ടതും നിർമ്മാണത്തിലൊന്നും കാണാൻ കഴിയാത്ത ഈ ദൃഢത തന്നെയാണ്. ഇത്തരം ദൃഢബന്ധങ്ങളെ കേരളത്തിന് തകർക്കാൻ കഴിയുന്ന കാലത്ത് മാത്രമേ കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളെ വിശ്വസിക്കാൻ കഴിയുകയുള്ളൂ. പരസ്പരം പഴിചാരുന്ന ഭരണ പ്രതിപക്ഷ കക്ഷികൾ ഇനിയെങ്കിലും ഇതെല്ലാം കണ്ണു തുറന്ന് കാണാനും ജനങ്ങളും നാടുമാണ് വലുതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനും തയ്യാറാകേണ്ടതുണ്ട്.