മഹാനടിക്ക് വിട: കെപിഎസി ലളിതയ്ക്ക് യാത്രാമൊഴി നൽകി നാട്

0

തൃശ്ശൂര്‍: അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിത ഓർമയായി. വൈകീട്ട് ആറ് മണിയോടെ തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്‍മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീ പകര്‍ന്നു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം.

ലളിതയുടെ ഭർത്താവും സംവിധായകനുമായ ഭരതൻ്റെ പാലിശ്ശേരി തറവാട്ടിലേക്ക് വൈകിട്ട് 3.30-ഓടെയാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനായി ഇവിടെവച്ചു. നൂറുകണക്കിനാളുകളാണ് ഇവിടെ ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ഇവിടെ എത്തിയത്.

പൊതുദർശനത്തിന് ശേഷം ലളിത നിർമ്മിച്ച ഓർമ എന്ന വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. തുടർന്ന് അടുത്ത ബന്ധുക്കൾ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി. തുടർന്നാണ് മൃതദേഹം സംസ്കാരത്തിനായി എടുത്തത്. ഒടുവിൽ അവരുടെ ആഗ്രഹപ്രകാരം തന്നെ പാലിശ്ശേരി തറവാടിനും ഓർമയെന്ന വീടിനും അരികിലായും ഭരതൻ്റെ ശവകുടീരത്തിന് രണ്ടടി അകലെയായും ലളിതയ്ക്ക് നിത്യനിദ്രയൊരുങ്ങി.