കുവൈത്തില്‍ മാര്‍ച്ച് 29 വരെ പൊതുഅവധി; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

0

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്​ച മുതൽ മാർച്ച്​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ മാർച്ച്​ 27, 28 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ്​ 29 ഞായറാഴ്​ചയാണ്​ തുറന്നുപ്രവർത്തിക്കുക. സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ആണ്​ ഇക്കാര്യം അറിയിച്ചത്​.

രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളും, എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നൽകി. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായും കുവൈത്ത് അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാര്‍ഗോ വിമാനങ്ങള്‍ മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുകയെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.