കുവൈത്തില്‍ ഇനി പൊതുമാപ്പില്ല

0

കുവൈത്തില്‍ ഇനി പൊതുമാപ്പില്ല. അനധികൃത താമസക്കാര്‍ക്ക് പിഴയടച്ചാല്‍ വീണ്ടും കുവൈത്തിലേക്ക് മടങ്ങാം. കുവൈത്ത് താമസകാര്യ വകുപ്പ് ഡയറക്ടര്‍ തലാല്‍ അല്‍ മറാഫിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യും.

‘ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ കണക്ക് പ്രകാരം ഏകദേശം 27000 ഇന്ത്യക്കാര്‍ അനധികൃതമായി കുവൈത്തില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് തിരിച്ച് പോകാനുള്ള എല്ലാ സഹായങ്ങളും ആഭ്യന്തര മന്ത്രാലയം ചെയ്തു കൊടുക്കും. എന്നാല്‍ പൊതുമാപ്പ് എന്ന സംവിധാനം ഇനി ഉണ്ടാവുകയില്ല.
തിരിച്ച് പോകുന്നവരില്‍ പിഴ അടക്കുന്നവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അല്ലാത്തപക്ഷം അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ പിന്നീട് തിരിച്ചുവരാനാകാത്ത വിധം വിരലടയാളം വരെ രേഖപ്പെടുത്തിയേ തിരിച്ചയക്കൂ’ എന്ന് തലാല്‍ അല്‍ മറാഫി വ്യക്തമാക്കി.രാജ്യത്ത് അധിവസിക്കുന്ന വിദേശികളോട് അവരുടെ താമസ രേഖകള്‍ എപ്പോഴും കയ്യില്‍ കരുതണമെന്നും സ്‌പോണ്‍സര്‍മാരോട് അവരുടെ തൊഴിലാളികളുടെ വിസ, കാലാവധി അവസാനിക്കുന്നതിനു മുമ്പ് പുതുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.