കുവൈത്തില്‍ പുതിയ മന്ത്രിസഭ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിസഭ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹും പുതിയ മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ വലിയൊരു വിഭാഗം പ്രതിപക്ഷ എം.പിമാരുടെ ബഹിഷ്‌കരണ ഭീഷണി കാരണം പാര്‍ലമെന്റില്‍ കോറം തികയാതെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ കഴിയാതെ വരുമോ എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ കോറം തികയ്ക്കാനുള്ള അത്രയും എം.പിമാരുടെ സാന്നിധ്യം ഉറപ്പിച്ചാണ് സര്‍ക്കാര്‍ വിഭാഗം പാര്‍ലമെന്റില്‍ എത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

കൂടാതെ കുറ്റവിചാരണ മാറ്റിവെക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയും പാര്‍ലമെന്റ് അംഗീകരിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം നിരവധി ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി കുറ്റവിചാരണ മാറ്റിവെക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്.

പാര്‍ലമെന്റില്‍ 34 എം.പിമാരാണ് ഹാജരായത്. ഇവരില്‍ 29 പേരും പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെ പിന്തുണച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയും നിയുക്ത മന്ത്രിമാരും സ്പീക്കറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതായും രാജ്യത്തിന്റയും ജനങ്ങളുടെയും താല്‍പര്യത്തിനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്റിന്റെ സഹകരണത്തോടെ പാര്‍ലമെന്റും സര്‍ക്കാരും ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിക്കായി ഒത്തുചേരുമെന്നും പ്രധാനമന്തി പറഞ്ഞു. ഭരണഘടനപരമായ അവകാശങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് എംപിമാര്‍ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.