തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു

0

ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.

കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നു സംശയമുണ്ട്. പത്ത് പ്രതികളെ തിരിച്ചറിഞ്ഞു.

തട്ടിക്കൊണ്ടുപോയവര്‍ പണം ആവശ്യപ്പെട്ടെന്ന് ബിന്ദു പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘമാണോ എന്നറിയില്ല. തന്നെ കൊണ്ടുപോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നെന്നും ബിന്ദു പറഞ്ഞു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.