മറുതയുടെയും ഒടിയന്റെയും കഥകൾ

0

കുഞ്ഞു നാളിൽ അച്ഛൻ പെങ്ങളുടെ വീട്ടിൽ താമസിക്കാൻ പോകാൻ ഉണ്ടായിരുന്ന വലിയ ഇഷ്ടത്തിന്റെ പ്രധാന കാരണം മുത്തച്ചനും മൂത്തമ്മയും പിന്നെ മുത്തച്ഛന്റെ അമ്മയും പറഞ്ഞു തരുന്ന കഥകളാണ് . ഒരുവിധം എല്ലാ കഥകളും ഇപ്പോഴും ഓർമ ഉണ്ട്‌. ഒര് ചെറിയ പ്രശ്നം മുത്തച്ഛന്റെ പ്രേത കഥാ സമഹാരങ്ങൾ മാത്രമാണ്. റാന്തൽ വിളക്കിന്റെ വെളിച്ചത്തു മൂത്തമ്മയുടെ മടിയിൽ കിടന്നു കൊണ്ട് നീണ്ട മുടിയും വെള്ള കുപ്പായവും ഇട്ട മറുത യുടെയും ഒടിയന്റെയും കഥകൾ കേട്ടു കഴിഞ്ഞു പിന്നെ വിളക്ക് കെടുത്തി ഉറങ്ങാൻ കിടന്നാൽ…….

മൊത്തം നിശബ്ദത.. ഇരുട്ട് മാത്രം..
ഘടികാരത്തിന്റെ സൂചിയുടെ ഓരോ ടിക് ടിക് ലും ഞാൻ മാത്രം തിരിച്ചറിയുന്ന ഒടിയന്റെ കാൽ ശബ്ദങ്ങൾ..
അടക്കാത്ത ജനലിലൂടെ പുറത്തു മങ്ങിയ വെളിച്ചത്തിൽ കാണുന്ന വാഴകൾക്കും തെങ്ങിൻ തൈ ഓലകൾക്കും കാണെ കാണെ പകർന്നു കിട്ടുന്ന രൂപസാദൃശ്യങ്ങൾ…

അയ്യോ! ഭീകര ഓർമ്മകൾ..

രാത്രിയിൽ മുറ്റത്തു പോയി എന്തേലും എടുക്കണമെങ്കിലും ഈ പ്രേതങ്ങൾ ഒരു വല്യ വിഷയമായി തുടങ്ങി. ഇത്തരം സന്ദർഭങ്ങളിൽ ഉമ്മറത്ത് കാവൽ നിന്ന് തരുന്ന അനിയത്തിയോട് ഉച്ചത്തിൽ നിർത്താതെ സംസാരിക്കുക എന്നത് ഞാൻ കണ്ട് പിടിച്ച രക്ഷമാർഗവും, ലക്ഷ്യസ്ഥാനത്തെത്തി സാധനം കുനിഞ്ഞെടുക്കുമ്പോ മിണ്ടാതെ നിന്നുകളയ എന്നത് അവൾ കണ്ട് പിടിച്ച ചതി പ്രയോഗവും. ആയിരുന്നു. അപ്പൊ തിരിഞ്ഞോരോട്ടം ഉണ്ട്‌!. ആ ഓട്ടത്തിൽ വിളക്ക് കെട്ടു പോകും. അതോടെ ഹൃദയമിടിപ്പൊക്കെ അത്യുന്നതങ്ങളിൽ കേറും. അടുത്തെത്തുമ്പോ ഒന്നും അറിയാത്ത പോലെ ലവൾക്ക് ഒരു ചോദ്യം ഉണ്ട്‌.

” എന്തിനാ ഓടിയെ?.

” വെറുതെ “എന്ന് മറുപടി പറയുമ്പോ അത്രയേറെ ശാന്തത കൈവരിക്കുക എന്നതാണ് ലക്ഷ്യം. എന്റെ വെപ്രാളം അവൾ അറിഞ്ഞാൽ ഞാൻ തോറ്റു പോകില്ലേ!

അങ്ങനെ എത്ര കിടിലോൽകിടിലം ചുറ്റു പാടുകളിൽ പെട്ടു പോയാലും ചിതറി പോകാതെ ശാന്തതയിലേക്ക് തിരിച്ചു വരാൻ പ്രാക്റ്റീസ് ചെയ്യപ്പെട്ടു. അങ്ങനെ നോക്കിയാൽ ആ കഥകളും എന്നെ സഹായിച്ചിട്ടെ ഉള്ളു.

അച്ഛൻ കുടുംബത്തിലെയോ അമ്മ കുടുംബത്തിലെയോ ഒരു വീട്ടിൽ നിന്നും എന്റെ സ്വന്തം വീട്ടിൽ പ്രത്യേകിച്ചും, പെണ്ണാണ് എന്നൊരു ഓര്മപ്പെടുത്താൽ കഥയിൽ പോലും ഉണ്ടായിട്ടില്ല. ഉയരത്തിരിക്കരുത്, കാലാട്ടരുത്, പുലർച്ചെ എഴുനേൽക്കണം എന്നൊക്ക കുറെ നിഷ്ഠകൾ അച്ഛനുണ്ടായിരുന്നു. പക്ഷെ ഒരുക്കലും അതൊരു പെണ്ണ് എന്ന വാക്കിന്റെ അകമ്പടി സേവിച്ചായിരുന്നല്ല. ചെറുപ്പത്തിൽ അമ്മ അടുക്കളയിൽ കയറ്റിച്ചിരുന്നത് നീ മറ്റൊരു വീട്ടിലേക്കു പകപ്പെടാൻ എന്ന തലകെട്ടോടു കൂടി ആയിരുന്നില്ല. അമ്മയുടെ അച്ഛൻ അട്ടത്തു തേങ്ങ എടുക്കാനും പറമ്പിൽ നനക്കാനും മാവിൽ കയറാനും വെള്ള ടാങ്കിന്റെ മുകളിൽ കേറാനും ഒക്കെ എന്നെ കൂടെ കൂട്ടിയിട്ടുണ്ട്. ചളി കോരുന്ന കിണറ്റിൽ വരെ എന്നെ ഇറക്കി തന്നിട്ടുണ്ട് . കാർഗിൽ യുദ്ധ സമയത്തെ പട്ടാള വീഡിയോ ഡോക്യൂമെന്ററി ടീവീ യിൽ കണ്ട് കൊണ്ടിരിക്കുമ്പോൾ ‘നിനക്ക് പട്ടാളത്തിൽ ഒക്കെ ജോലി നോക്കിക്കൂടായിരുന്നോ’ എന്ന് എന്നോട് ചോദിച്ച വല്യച്ഛന്റെ പുരോഗമനതയുടെ മൂല്യം ഞാൻ അത്ഭുതത്തോടെ ആലോചിച്ചു പോകുന്നത് ഇപ്പൊ ആണ്.

ആണിന് ഒരു കീഴ് വഴക്കം. പെണ്ണിന് വേറെ ഒന്ന് എന്ന് ഞാൻ ഒരിക്കലും കേട്ടിട്ടേ ഇല്ല.

എന്നെ പോലെ വളർത്തപ്പെട്ട പെൺകുട്ടികൾ, ‘പെണ്ണ് ആണിന്റെ മൂക്കിന്റെ താഴെ ‘എന്ന് കേട്ടു വളർന്നു വന്ന ആൺകുട്ടികളെ കല്യാണം കഴിച്ചാൽ മിക്കവാറും നാട്ടാരും വീട്ടാരും പൂരം കാണാൻ തൃശൂർ വരെ പോകേണ്ടി വരില്ല.

അതോണ്ട് അമ്മമാരേ അച്ഛന്മാരെ കുട്ടികൾ കഥ കേട്ടു വളരട്ടെ. കഥയിൽ തെറ്റായ കീഴ്വഴക്കങ്ങൾ ഉണ്ട്‌ എന്ന് തോന്നിയാൽ തലച്ചോറ് വെച്ചു എഡിറ്റ്‌ ചെയ്തു പറയാൻ മറക്കണ്ട.

അപ്പൊ ഈ വീഡിയോ ആൺകുട്യോൾടെ അമ്മമാർ ഒന്നിൽ കൂടുതൽ തവണ കണ്ടോ ട്ടൊ.. കീഴ് വഴക്കങ്ങൾ എന്ന വല്ലാത്ത വഴുക്കൽ കഴുകി വൃത്തിയാക്കാൻ നിങ്ങള് ഒരു പൊടിക്ക് കൂടുതൽ മെനക്കടേണ്ടതുണ്ട്..

വാൽ : ഒരു പ്രത്യേക തരം കണ്ണട വെച്ചു എന്റെ വളർത്തു ദോഷം നോക്കി കാണുന്നവർ അറിയാൻ..അച്ഛനും അമ്മയും മാത്രമല്ല മുഴുവൻ കുടുംബക്കാരും ഈ കാര്യത്തിൽ പ്രതികളാണ് എന്ന് ഇതിനാൽ ബോധ്യപ്പെടുത്തി കൊള്ളുന്നു🤪