ഇനി ഭൂനികുതി മൊബൈൽ ആപ്പിലൂടെ അടക്കാം

0

തിരുവനന്തപുരം : ഭൂനികുതി മൊബൈല്‍ ആപ്പിലൂടെ അടയ്ക്കുന്നത് അടക്കം റവന്യൂ വകുപ്പി സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. പുതിയ സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ, ഭൂ നികുതി അടയ്ക്കല്‍ മുതല്‍ ഭൂമി തരംമാറ്റലിനുള്ള അപേക്ഷാ സമര്‍പ്പണം വരെ ഓണ്‍ലൈനാകും.

ഭൂനികുതി അടയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്എംബി സ്‌കെച്ച്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍ എന്നിവയാണ് ഒരുക്കുന്നത്.നവീകരിച്ച ഇ പേയ്മെന്റ് പോര്‍ട്ടല്‍, 1666 വില്ലേജുകള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും.

ഭൂ നികുതി ഓണ്‍ലൈനായും സ്വന്തം മൊബൈലില്‍ നിന്നും റവന്യൂ ഇ- സര്‍വീസസ് എന്ന ആപ്ലിക്കേഷന്‍ വഴിയും അടക്കാം. ഇതിനായി നേരിട്ട് വില്ലേജ് ഓഫീസില്‍ എത്തേണ്ടതില്ല. വര്‍ഷാവര്‍ഷം ഒടുക്കേണ്ട നികുതി സംബന്ധിച്ച വിവരം ഗുണഭോക്താവിന് എസ്എംഎസ് വഴി നല്‍കും. രസീത് ഡൗണ്‍ലോഡ് ചെയ്യാം.സര്‍വേ മാപ്പ്, തണ്ടപ്പേര്‍ പകര്‍പ്പ്, ലൊക്കേഷന്‍ മാപ്പ് എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പകര്‍പ്പും ലഭിക്കും. ഓണ്‍ലൈന്‍ ആയി ഇവയുടെ ആധികാരികത ഉറപ്പുവരുത്താം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ, ഓണ്‍ലൈന്‍ പേമെന്റ്, സ്റ്റാറ്റസ് വെരിഫിക്കേഷന്‍ എന്നീ സൗകര്യങ്ങള്‍. അപേക്ഷയിലെ ന്യൂനതകള്‍ ഓണ്‍ലൈനില്‍ പരിഹരിക്കാം. തീര്‍പ്പായ അപേക്ഷയില്‍ താലൂക്ക്, വില്ലേജ് ഓഫീസുകലില്‍ നിന്ന് ഉടനടി ഭൂരേഖകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം. സര്‍വേ അപാകം പരിഹരിക്കാം.അര്‍ബുദം, കുഷ്ഠം, ക്ഷയരോഗ ബാധിതര്‍ക്ക് സംസ്ഥാന വ്യാപകമായി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള സംവിധാനം. പെന്‍ഷനുകള്‍ക്കായി ഇനി ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.