ബം​ഗാളി ചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

0

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്‌ത(77) അന്തരിച്ചു. തെക്കൻ കൊൽക്കത്തയിലെ വസതിയിൽ ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്‌പെയിൻ ഇൻറർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ്‌ ടൈം അച്ചീവ്‌മെൻറും ലഭിച്ചു.

ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവക്ക്‌ മികച്ച ചിത്രത്തിനുള്ള അവാർഡും ഉത്തര, സ്വപ്‌നേർ ദിൻ, ദൂരത്വ (1978), തഹാദർ കഥ (1993) എന്നിവക്ക്‌ മികച്ച സംവിധാനത്തിനുള്ള അവാർഡും നേടി.

ഗോവിർ അരാലി, കോഫിൻ കിംബ സ്യൂട്ട്‌കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടർ ഗാൻ, ശ്രേഷ്ഠ കബിത, ഭോംബോലർ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങിയവ ശ്രദ്ധേയമായ കവിതാസമാഹാരങ്ങളാണ്. 1944 ഫെബ്രുവരിയില്‍ പുരുളിയയിലാണ് ജനനം.