ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍

0

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ സിനിമയായ ലേലത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ചിത്രത്തിന്‍റെ താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലേലത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യും. ലേലം 2ന്‍റെ തിരക്കഥാ ജോലികളിലാണ് രണ്‍ജി ഇപ്പോള്‍.

1997ല്‍ ലേലം എഴുതുമ്പോള്‍ തന്നെ രണ്‍ജി പണിക്കരുടെ മനസില്‍ ചാക്കോച്ചിയായി മോഹന്‍ലാല്‍ ആയിരുന്നു എന്നതാണ് വസ്തുത. അന്ന് ആ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യട്ടെ എന്നായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് സംഗതികള്‍ മാറിമറിഞ്ഞു. ഷാജി കൈലാസില്‍ നിന്ന് ലേലത്തിന്‍റെ തിരക്കഥ ജോഷിയിലേക്കെത്തി. രണ്‍ജി പണിക്കര്‍ ജോഷിക്ക് നല്‍കിയ ആദ്യ തിരക്കഥയായിരുന്നു ലേലം. നായകനായി മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സുരേഷ്ഗോപിയും വന്നു. പടം ബമ്പര്‍ ഹിറ്റായി. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപി കസറി. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ നിന്ന് ഇന്ന് കാലം മാറിയിരിക്കുന്നു. സുരേഷ്ഗോപി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ തിളങ്ങി മുന്നേറുന്നു.

ലേലം 2ല്‍ ചാക്കോച്ചിയായി മോഹന്‍ലാലിനെ പരിഗണിക്കാമെന്ന് അണിയറയില്‍ ആലോചന നടക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. Image result for mohanlal in lelam

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.