കനവിൽ ഓമനിക്കാൻ ഒരുപിടി കവിതകൾ ബാക്കിയാക്കി…; ഓർമ്മയുടെ പൂമരക്കൊമ്പിലേക്ക് കവി യാത്രയായി

0

കവിയരങ്ങിന്റെയും കാസറ്റ്​ കവിതകളുടെയും കാലത്ത്​ നമ്മടെ ചുണ്ടത് എന്നും മൂളിമാഞ്ഞ ചില കവിതകളുണ്ട് അതിൽ ഏറ്റവും പ്രിയപെട്ടതിൽ…. പനച്ചൂരാന്റെ കവിതകളായിരിക്കും കൂടുതൽ. സർവോപരി ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കവി അതായിരുന്നു അനിൽ പനച്ചൂരാൻ…പനച്ചൂരാന്റെ ആകസ്മിക വിയോഗം ഒരു ഞെട്ടലോടെയാണ് മലയാളക്കര ശ്രവിച്ചത്. അതും പുതുവർഷം പിറന്നുവീണയുടനെ.

പ്രണയത്തിന്റെ ആർദ്രതയും വിരഹത്തിന്റെ നൊമ്പരവും, തീഷ്ണമായ വിപ്ലവ വീര്യവുംകൊണ്ട് തന്റെ കവിതകളെ കേൾവിക്കാരന്റെ ഹൃദയത്തിലിട്ട് അമ്മാനമാടാൻ പനച്ചൂരാനുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ജനകീയ കവിയിൽനിന്നും ശ്രദ്ധേയനായ സിനിമാഗാനരചയിതാവിലേക്കെത്താനുള്ള അദ്ദേഹത്തിനുള്ള ദൂരവും വളരെ കുറവായിരുന്നു. ഗാനരചനയിലേക്ക്​ യാദൃച്ഛികമായാണ്​ വന്നതെങ്കിലും കവിതയിൽ പനച്ചൂരാൻ അങ്ങനെയായിരുന്നില്ല. കുട്ടിക്കാലം മുതൽ കവിത എഴുതിവന്ന അനിൽ കോളജ്​ വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ അറിയപ്പെടുന്ന കവിയായിരുന്നു.

ഓണാട്ടുകരയുടെ തനത് നാടൻ ശൈലികൾ കൊണ്ട് മലയാളിയുടെ കാവ്യ സങ്കൽപങ്ങളെ മാറ്റിമറിച്ച കവിതളായിരുന്നു അനിൽ പനച്ചൂരാന്റേത്. പ്രണയവും വിപ്ലവവും സംഗീതവും സാഹിത്യവും ഇഴുകിച്ചേർന്നു ഒരു പിടികവിതകൾ അനിൽ പനച്ചൂരാൻ എന്ന കവി മലയാളിയ്ക്ക് സമ്മാനിച്ചു.പ്രണയഭംഗത്തിന്റെയും വ്യഥിത ജീവിതത്തിന്റെയും അമ്ലകവിതകൾ കൊണ്ട് ക്യാംപസുകളെ പൊള്ളിച്ച അനിൽ പനച്ചൂരാൻ എഴുതിയ സിനിമാഗാനങ്ങൾ എന്നും ഹൃദയഹാരികളായിരുന്നു, വരികളും കവിയും ഒന്നുചേർന്നതുപോലെ.

അദ്ദേഹത്തിന്റെ കവിത പോലെത്തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ ഇളംതലമുറക്കാരനായ അദ്ദേഹം സന്ന്യാസി, വിഷവൈദ്യൻ, വക്കീൽ, കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകൻ, കവി,ഗാനരചയിതാവ് അങ്ങനെ തികച്ചും വ്യത്യസ്തമായാ ജീവിത വേഷങ്ങൾ ആടിത്തീർത്ത വ്യക്തിയാണ്.


ഏതെങ്കിലും പ്രസിദ്ധീകരണത്തിന്റെ പിൻബലത്തോടെയായിരുന്നില്ല അദ്ദേഹം കവിതയിൽ വന്നത്​. സ്വന്തം കവിതയെക്കുറിച്ച്​ നല്ല ബോധമുണ്ടായിരുന്ന അദ്ദേഹം കാമ്പസുകളിൽ പാടിയാണ്​ ത​െൻറ കവിതകൾ ജനകീയമാക്കിയത്​. താനൊരു ദൈവവിശ്വാസിയായ കമ്യൂണിസ്റ്റാണെന്നു സ്വയം പ്രഖ്യാപിച്ച അനിൽ പനച്ചൂരാൻ, കവിക്കു സാമൂഹിക ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

ലളിതമായ കാവ്യബിംബങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത കവിതകളായതുകൊണ്ട് തന്നെ സമര വേദികളിലും പോരാട്ട പ്രസ്ഥാനങ്ങളിലും ക്യാംപസുകളിൽ പ്രണയ തണലിലും അനിൽ പനച്ചൂരാൻ കവിതകൾ മുഴങ്ങികേട്ടു. കായംകുളം ഗവ. വാറങ്കൽ കാകതീയ സർവകലാശാല പഠനം കഴിഞ്ഞ് അഞ്ചുവർഷം സന്യാസജീവിതത്തിലേക്ക് തിരിഞ്ഞു. പിന്നീടാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിയുന്നത്. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.പ്രവർത്തകനായാണ് പാർട്ടിയുമായി അടുക്കുന്നത്. ഡി.വൈ.എഫ്.ഐ.യിലും പ്രവർത്തിച്ച് പാർട്ടിയംഗമായി. പിന്നീട് ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായിയായി. ഹരിദ്വാറിൽ ചെന്ന് സന്ന്യാസവും സ്വീകരിച്ചു.

നാട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വാമിക്ക് ഗംഭീര സ്വീകരണം. അസുഖം ഭേദമാക്കാനും അത്മശാന്തിക്കുമായി വീട്ടിൽ നാട്ടുകാർ വരിനിന്നു. ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. അങ്ങനെ വക്കീലുമായി. ഹൈസ്കൂളിലെ പഠനകാലയളവിലെ സാഹിത്യമേഖലയിൽ ശ്രദ്ധേയനായി മാറിയിരുന്നു. 19ാം വയസ്സിൽ ആദ്യ കവിതസമാഹാരമായ ‘സ്പന്ദനങ്ങൾ’ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുരൂപ വില നിശ്ചയിച്ച പുസ്തകം വിറ്റാണ് പലപ്പോഴും വിശപ്പടക്കിയതെന്ന് സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. ‘വലയിൽ വീണ കിളികൾ’ ഇതിലെ ആദ്യ കവിതയായിരുന്നു.

‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത കേൾക്കാനിടയായ ലാൽ ജോസ് കവിയെക്കുറിച്ചു ചോദിച്ചറിഞ്ഞു. അങ്ങനെ ഷൊർണൂർ ഗസ്റ്റ്ഹൗസിൽ വെച്ച് ഇരുവരും കാണുന്നു. ‘അറബിക്കഥ’ സിനിമയിലേക്കുള്ള വഴി അതായിരുന്നു. ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുയരുന്നു എന്ന മാതൃകയിൽ ഒരു ഗാനം വേണമെന്ന് ലാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം എന്നവരികൾ പിറന്നത്. ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ഇതോടൊപ്പം കവിതയും പാട്ടും ജീവിതത്തോട് ചേരുകയായിരുന്നു.

കായംകുളം പട്ടണത്തിലെ കടത്തിണ്ണകളിൽ അഭയം കണ്ടെത്തിയിരുന്ന ‘മനോനില തെറ്റിയ അമ്മയും മകളും’ ഇതിവൃത്തമായ ‘രണ്ട് പേേക്കാലങ്ങൾ’ കവിതയും ​ശ്രദ്ധേയമായിരുന്നു. ‘ചിറകാർന്ന മൗനവും ചിരിയിലൊതുങ്ങി’ എന്ന പാട്ട് അന്ധനായ മുഹമ്മദ് യൂസഫ് സംഗീതം നൽകിയതിലൂടെയും ശ്രദ്ധേയമായി. വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ചടുലവും ലളിതവുമായി അദ്ദേഹം വരച്ചുകാട്ടിയതിന് ഉദാഹരണങ്ങളായിരുന്നു അനാഥനും, പ്രണയകാലവും, രക്ത സാക്ഷികളും വലയിൽ വീണ കിളികളുമൊക്കെ.കാൽപനിക കവിയുടെയും ആധുനിക കവിയുടെയും സ്വഭാവ സവിശേഷതകൾ അനിൽ പനച്ചൂരാൻ കവിതകളിൽ നിർലീനമായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കണം അലങ്കാരങ്ങളെ കുറച്ചും ബിംബാത്മകതയെ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടുമുള്ള കവിതകളെ മലയാളികൾ ഇത്രമേൽ നെഞ്ചോട് ചേർത്തുവച്ചത്.ഇതിനുദാഹരണങ്ങളാണ് കർണ്ണൻ, യയാതി, പാർവ്വതി, മഹാപ്രസ്ഥാനം, അശ്വത്ഥാമാവ് തുടങ്ങിയ കവിതകൾ. എഴുപത്തിയഞ്ചോളം കവിതകളും നൂറ്റിയൻപതോളം ചലച്ചിത്രഗാനങ്ങളും അനിൽ പനച്ചൂരാന്റെ തൂലികതുമ്പിൽ നിന്ന് പിറവിയെടുത്തു.

കുറച്ചുകാലം സിനിമയിൽ അത്ര സജീവമായിരുന്നില്ലെങ്കിലും അദ്ദേഹം ഒരു ചലച്ചിത്രം സ്വന്തമായി സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ഒടുവിൽ സ്വന്തം സിനിമയെന്ന സ്വപ്​നം ബാക്കിയാക്കിയാണ്​ ജനകീയ ഗാനരചയിതാവിന്റെ മടക്കമെങ്കിലും കവിതകളുടെയും പാട്ടുകളുടെയും ഹൃദയഹാരിയായ ഒരു പൂമരത്തണലുതന്നെ നമുക്ക് സമ്മാനിച്ചുകൊണ്ടാണ് അനിലിന്റെ മടക്കം…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.