കൈ നിറയെ ഡോളര്‍ സ്വന്തമാക്കണോ ?; ഒരു വര്ഷം സ്മാര്‍ട്ട്‌ ഫോണ്‍ കൈകൊണ്ട് തൊടാതെ കഴിയാന്‍ സാധിക്കുമോ ?

1

സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്തൊരു ലോകത്തെ കുറിച്ച് ഇപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ സാധിക്കുമോ ? അപ്പോള്‍ ഒരു വര്ഷം സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാന്‍ സാധിക്കുമോ ? എങ്കില്‍ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍.

ഒരു മത്സരത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ശീതളപാനീയ കമ്പനിയായ കൊക്കൊ കോളയുടെ ഉടമസ്ഥതയിലുള്ള വൈറ്റമിന്‍ വാട്ടര്‍ ഒരു വര്‍ഷം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയിരിക്കുന്നവര്‍ക്ക് 100,000 ഡോളര്‍( 71.9 ലക്ഷം) സമ്മാനമായി നല്‍കും.’നോ ഫോണ്‍ ഫോര്‍ എ ഇയര്‍ ചലഞ്ച്’ എന്നാണ് ഈ മത്സരത്തിന്റെ പേര്.

മത്സരത്തിന്റെ കാലാവധി വിജയമായി പൂര്‍ത്തിയാക്കിയാല്‍ വലിയ തുകയാണ് വിജയിയെ കാത്തിരിക്കുന്നത്. പറയാന്‍ എളുപ്പമാണെങ്കിലും മത്സരിക്കുവാന്‍ താന്‍ യോഗ്യനാണെന്ന് കമ്പനിയെ ബോധ്യപ്പെടുത്തുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. മത്സരാര്‍ഥിയാകുവാനുള്ളതിന്റെ ആദ്യ ഘട്ടമെന്നോണം, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് താന്‍ എന്തുകൊണ്ട് ഇടവേളയെടുക്കുന്നുവെന്ന് കമ്പനിയെ ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ട്വിറ്ററിലൂടെ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നയാള്‍ അറിയിക്കണം. മത്സരകാലാവധി കഴിഞ്ഞ് ഇത്രെയും തുക കണ്ണുമടച്ച് കമ്പനി നല്‍കുകയില്ല. മത്സര്‍ഥിയെ നുണ പരിശോധനയ്ക്കു വിധേയനാക്കിയതിനു ശേഷമാകും വിജയിയായി പ്രഖ്യാപിക്കുന്നതും തുക കൈമാറുന്നതും.

2019 ജനുവരി 8 ആണ് മത്സരത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. മത്സരിക്കുവാന്‍ യോഗ്യരായവര്‍ ആരൊക്കയെന്ന് ജനുവരി 22ന് കമ്പനി അറിയിക്കും. എന്നാല്‍ ഫോണ്‍ ഉപയോഗിക്കുവാനുള്ള വിലക്കിന് അല്‍പ്പം ഇളവ് തരാന്‍ കമ്പനി ഒരുക്കമാണ്. കാരണം 1996 മോഡല്‍ ഫോണ്‍ മത്സരാര്‍ഥികള്‍ക്ക് കമ്പനി നല്‍കും. സംസാരിക്കുവാന്‍ മാത്രമേ ഈ ഫോണില്‍ കൂടി സാധിക്കുകയുള്ളു എന്ന് മാത്രം.