കടലില്‍ തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; വോയിസ് റെക്കോര്‍ഡറിനായുള്ള തിരച്ചില്‍ തുടരുന്നു

0

കടലില്‍ തകർന്നു വീണ ഇന്തൊനീഷ്യന്‍ വിമാനം ലയൺ എയർ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ് കണ്ടെത്തി. 
189 യാത്രക്കാരുമായി തകര്‍ന്നു വീണ വിമാനത്തിന്റെ രണ്ടു ബ്ലാക്ക് ബോക്‌സുകളില്‍ ഒന്നു കണ്ടെടുത്തായാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

തകർന്നുവീണ ലയണ്‍ എയര്‍ ജെറ്റിലെ വേഗം നിരീക്ഷിക്കാനുള്ള സാങ്കേതിക സംവിധാനത്തിൽ പ്രശ്നമുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ട്‌. ഉയരം നിര്‍ണ്ണയിക്കുന്നതിന് പ്രശ്‌നമുണ്ടെന്ന് വിമാനത്തിലെ പൈലറ്റുമാര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ പ്രശ്‌നം തന്നെയായിരിക്കാം വിമാനത്തിന്റെ പതനത്തിലേക്കു നയിച്ചതെന്നാണ് ചില പ്രാഥമിക നിഗമനങ്ങള്‍.

സമുദ്രത്തില്‍ 30 മീറ്റര്‍ താഴ്ചയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിരിക്കുന്നത്. അതേസമയം കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഇന്തോനേഷ്യന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി വ്യക്തമാക്കി. 
ബ്ലാക്ക് ബോക്‌സിന്റെ പരിശോധന പൂര്‍ത്തിയാകാന്‍ ആറു മാസത്തോളം സമയം എടുക്കുമെങ്കിലും ഒരു മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് വിവരം. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നതായാണ് വിലയിരുത്തല്‍. എന്നാല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.